അമ്പലപ്പുഴ: ജില്ലയിൽ നിപ പ്രതിരോധപ്രവർത്തനങ്ങളും ചികിത്സാസൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. എറണാകുളത്ത് പനിബാധിച്ച് ചികിത്സയിലുള്ള ആളിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുങ്ങുകയാണ്.

ഐസൊലേഷൻ വാർഡ്, ഐ.സി.യു. എന്നിവ സജ്ജമാക്കിത്തുടങ്ങി. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപമുള്ള വിശ്രമകേന്ദ്രത്തിന് കിഴക്കുവശം ഉള്ള കെട്ടിടം ഐസൊലേഷൻ വാർഡാക്കി മാറ്റും. താഴത്തെ നിലയിൽ ഒ.പിയും നിരീക്ഷണമുറിയും മുകളിലത്തെ നിലയിൽ വാർഡും സജ്ജീകരിക്കും.

രോഗലക്ഷണം സംശയിക്കുന്ന ഏതെങ്കിലും രോഗികളെ പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ പ്രത്യേകം ഒരുക്കിയിട്ടുള്ള കേന്ദ്രത്തിലൂടെ മാത്രം പ്രവേശിക്കും. പ്രാഥമികപരിശോധനയിൽ നിപ സംശയമുണ്ടെന്ന് കണ്ടാൽ മാത്രം ഇത്തരം രോഗികളെ മറ്റുള്ളവരിൽനിന്ന് വേർപെടുത്തി പ്രത്യേക ആംബുലൻസ് ഉപയോഗിച്ച് ഐസൊലേഷൻ വാർഡിലേക്ക് മാറ്റും.

പിന്നീടുള്ള ചികിത്സ സംസ്ഥാന ആരോഗ്യവകുപ്പുതലത്തിൽ നൽകിയിട്ടുള്ള പ്രത്യേക പ്രോട്ടോകോൾ പ്രകാരമായിരിക്കും. രോഗചികിത്സ, രക്തം ഉൾപ്പെടെയുള്ള സാമ്പിളുകൾ സ്വീകരിക്കൽ എന്നിവയ്‌ക്കെല്ലാം ഈ പ്രോട്ടോകോൾ സർക്കാർ ബാധകമാക്കിയിട്ടുണ്ട്. വവ്വാൽ, പന്നി തുടങ്ങിയവയുമായി ബന്ധപ്പെടുന്ന ആളുകൾക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുമായി അടിയന്തരമായി സമീപിക്കുന്നതിനുള്ള ബോധവത്‌കരണം നടത്തും.

നിപ വൈറസ് സംശയിക്കുന്നവരെ പ്രവേശിപ്പിച്ചാൽ എടുക്കേണ്ട മുൻകരുതൽ സംബന്ധിച്ച് മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗത്തിലെയും ജീവനക്കാർക്ക് പരിശീലനം നൽകി. ചികിത്സ നൽകേണ്ട രീതി, ഐസൊലേഷൻ വാർഡിന്റെ അണുവിമുക്തമാക്കൽ, രോഗപ്പകർച്ച ഇല്ലാതാക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ ചർച്ച ചെയ്തു.

ഐസൊലേഷൻ വാർഡിൽ ജേംസ്യൂട്ട്, ഗോഗ്ൾ, കൈയുറ എന്നിവ ധരിക്കുന്ന രീതി കോഴിക്കോട് നിപ ബാധിത മേഖലയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ.ബാലു ജീവനക്കാർക്കും ഡോക്ടർമാർക്കും പരിചയപ്പെടുത്തി. ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ, പ്രിൻസിപ്പൽ ഡോ.എം.പുഷ്പലത, വൈസ് പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്പ്, മെഡിസിൻ വിഭാഗം മേധാവി ഡോ.ടി.ഡി.ഉണ്ണികൃഷ്ണകർത്ത, നോഡൽ ഓഫീസർ ഡോ.ജൂബി ജോൺ, ഡോ.അനിതാ മാധവൻ, ഡോ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Nipah, Special training for medical college employees