മങ്കൊമ്പ്: മടവീണ കനകാശ്ശേരി പാടശേഖരത്ത് പുതിയ ബണ്ടിന്റെ നിർമാണം ഉടൻ ആരംഭിക്കും. കനകാശ്ശേരി, മീനപ്പള്ളി, വലിയകരി പാടശേഖരങ്ങൾ തമ്മിൽ വേർതിരിച്ചുകൊണ്ടുള്ള ബണ്ടുകളും പൂർത്തീകരിക്കും. വ്യാഴാഴ്ച ഉച്ചയ്ക്കാണ് കനകാശ്ശേരിയിൽ മൂന്നാമതും മടവീണത്.

ഇതോടെ സമീപത്തെ മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളും 450-നടുത്ത് കുടുംബങ്ങളും വെള്ളത്തിലായി. പുഞ്ചക്കൃഷിയുടെ വിത നടത്തി അഞ്ച് മുതൽ 20 ദിവസം വരെയായ സമയത്താണ് മടവീണത്. നേരത്തെ രണ്ടാം കൃഷിയും മഴമൂലം പൂർണമായും നഷ്ടമായിരുന്നു. അഞ്ചുമാസത്തിനിടെ മൂന്നുതവണയാണ് മടവീഴുന്നത്. രണ്ട് പ്രവശ്യമായി ഏകദേശം 50 ലക്ഷം രൂപയോളം ചെലവഴിച്ചാണ് മതിമോഹനന്റെ നേതൃത്വത്തിൽ ബണ്ട് വീണ്ടും നിർമിച്ചത്.

രണ്ടാം പാക്കേജിൽ മുൻഗണന

രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുമ്പോൾ കനകാശ്ശേരി, വലിയകരി പാടശേഖരങ്ങൾക്ക് മുൻഗണന നൽകും. മീനപ്പള്ളിക്ക് നേരത്തെ മുൻഗണന ലഭിച്ചിരുന്നു. മുൻഗണനാ ക്രമത്തിലാണ് പാടശേഖരങ്ങൾക്കുള്ള തുക അനുവദിക്കുന്നതും പണികൾ പൂർത്തിയാക്കുന്നതും. ഭാവിയിൽ മടവീഴ്ച ഉൾപ്പെടെയുള്ളവ തടയാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ തുടങ്ങുന്നു

മടവീണതോടെ മൂന്ന് പാടശേഖരങ്ങളുടെയും പുറംബണ്ടുകളിൽ താമസിക്കുന്ന കുടുംബങ്ങളും ദുരിതത്തിലാണ്. പലയിടത്തും വീടിന്റെ വാതിലിന് പകുതി വരെ വെള്ളം കയറികിടക്കുകയാണ്. പകൽ സമയത്തെ വേലിയേറ്റവും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിലവിൽ ക്യാമ്പുകളിലേക്ക് മാറേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. പ്രദേശത്ത് കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും. പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്.

വെള്ളിയാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന്റെ നേതൃത്വത്തിൽ കൈനകരി പഞ്ചായത്ത് ഓഫീസിൽ പ്രത്യേക യോഗം നടത്തിയിരുന്നു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സജീവ്, വൈസ് പ്രസിഡന്റ് ജിജോ പള്ളിക്കൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.