ആലപ്പുഴ: നഗരത്തിലെ റോഡുകളുടെ മുഖച്ഛായ മാറുന്നതിനുള്ള കാത്തിരിപ്പ് നീളും. നഗരപാത വികസനപദ്ധതിയുടെ കരാർ അവസാനിപ്പിച്ചതാണ് കാരണം.

കരാർ ഏറ്റെടുത്ത് നിർമാണം ആരംഭിച്ച കമ്പനിക്ക് കേരള റോഡ് ഫണ്ട് ബോർഡിനെ 175 കോടി രൂപയുടെ ബാങ്ക് ക്ലോഷർ കാണിക്കാനായിരുന്നില്ല. തുടർന്നാണ് കരാർ അവസാനിപ്പിച്ചത്.

ഇനി പുതിയ ടെൻഡർ വിളിക്കുകയോ അല്ലെങ്കിൽ പഴയ ടെൻഡറിൽ രണ്ടാംസ്ഥാനത്തെത്തിയ കമ്പനിയെ പദ്ധതി ഏൽപ്പിക്കുകയോ മാത്രമാണ് പോംവഴി. ഇതുസംബന്ധിച്ച് സർക്കാർ തീരുമാനം കേരള റോഡ് ഫണ്ട് ബോർഡിന് ലഭിച്ചിട്ടില്ല. പുണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രോഹൻ രജദീപ് ടോൾവേയ്സ് ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു പദ്ധതിയുടെ നിർമാണച്ചുമതല.

കേരള റോഡ് ഫണ്ട് ബോർഡിന്റെ കീഴിൽ ആലപ്പുഴ നഗരപാത വികസന പദ്ധതിയിലൂടെയാണ് നഗരത്തിലെ റോഡുകൾ നവീകരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. നഗരത്തിലെ 21 റോഡുകളിലായി 47 കിലോമീറ്ററിന്റെ നവീകരണമായിരുന്നു ലക്ഷ്യം.

തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങൾക്കുശേഷം മൂന്നാമതായായിരുന്നു ആലപ്പുഴ നഗരം പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. പദ്ധതിയുടെ നിർമാണോദ്ഘാടനം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.

*കേരള റോഡ് ഫണ്ട് ബോർഡ് മുഖേന 288 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്.

*പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനായിരുന്നു ലക്ഷ്യം.

*23.4 കിലോമീറ്റര്‍ സൈക്കിൾപാത

*രണ്ടുകൊല്ലത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനായിരുന്നു ഉദ്ദേശ്യം.

*റോഡുകളുടെ അറ്റകുറ്റപ്പണികള്‍ 13 കൊല്ലത്തേക്ക് കരാറുകാരന്‍ നടത്തണം.

റോഡുകളുടെ നവീകരണം ആരംഭിക്കുന്നത് ലക്ഷ്യമിട്ട് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് കല്ലിടീൽ ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയിരുന്നു. വൈദ്യുതിപോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ പുരോഗമിക്കുന്നുണ്ട്.

കൈതവന-കളർകോട് റോഡിൽ ഓടനിർമാണത്തിന് റോഡ് കുഴിച്ചുകൊണ്ടിരിക്കവേയാണ് കരാറുകാരെ ഉപേക്ഷിച്ചത്. റോഡിന്റെ വശം കുഴിച്ചിട്ടിരിക്കുന്നത് കൈതവന-കളർകോട് റോഡിൽ കാൽനടയാത്രികർക്ക് ഉൾപ്പെടെ ബുദ്ധിമുട്ടായിരിക്കുകയാണ്. നഗരത്തിൽ പ്രധാന റോഡിലെ അമൃത് പദ്ധതിയുടെ പൈപ്പിടലിനെയും പദ്ധതി വൈകുന്നത് ബാധിക്കാനിടയുണ്ട്.

ആധുനികീകരിക്കുന്ന റോഡുകൾ

1)ചങ്ങനാശ്ശേരി ജങ്‌ഷൻ-കളർകോട് ജങ്‌ഷൻ

2)കളർകോട്-വൈ.എം.സി.എ.

3)കൈതവന-പോലീസ് ഔട്ട് പോസ്റ്റ്

4)ശവക്കോട്ടപ്പാലം-വൈ.എം.സി.എ., പോലീസ് ഔട്ട്പോസ്റ്റ്-കെ.എസ്.ആർ.ടി.സി.

5)ചുടുകാട് ജങ്‌ഷൻ-പുലയൻവഴി-വെള്ളക്കിണർ ജങ്‌ഷൻ-മാർക്കറ്റ്-വഴിച്ചേരി പാലം

6)പുലയൻവഴി-റെയിൽവേ സ്റ്റേഷൻ-ബീച്ച് റോഡ്

7) വലിയകുളം ജങ്‌ഷൻ-കളക്ടറേറ്റ് ജങ്‌ഷൻ-കൊമ്മാടി ജങ്‌ഷൻ

8)കൊമ്മാടി ജങ്‌ഷൻ-കൈചൂണ്ടിമുക്ക്

9)ജില്ലാക്കോടതി പാലം-സീറോ ജങ്‌ഷൻ

10)ഇരുമ്പുപാലം-കല്ലുപാലം റോഡിന്റെ ഇരുകരകളും, കല്ലുപാലം-ചുങ്കം റോഡ്

11)ബീച്ച്-പിച്ചു അയ്യർ ജങ്‌ഷൻ-മുല്ലയ്ക്കൽ

12)ശവക്കോട്ടപ്പാലം ഇരുകരകളും-വൈ.എം.സി.എ.

13)തത്തംപള്ളി-പുന്നമട ജങ്‌ഷൻ

14)ബാപ്പു വൈദ്യർ-തുമ്പോളി പള്ളി ജങ്‌ഷന്‍

15)ജനറൽ ആശുപത്രി-ബീച്ച് റോഡ് 16) ജില്ലാക്കോടതി-നെഹ്രുട്രോഫി സ്റ്റാർട്ടിങ് പോയിന്റ് (പുന്നമട ജങ്‌ഷൻ)

17)കെ.എസ്.ആർ.ടി.സി.-ചുങ്കം റോഡ്

18)പഴവീട്-തിരുവമ്പാടി

19)ശവക്കോട്ടപ്പാലം-മുപ്പാലം-റെയിൽവേ സ്റ്റേഷൻ റോഡ്

20)ശവക്കോട്ടപ്പാലം-മുപ്പാലം

21)വട്ടപ്പള്ളി-സക്കറിയ ബസാർ-കൊച്ചുകട