മുതുകുളം: സുനാമിയുടെ നടുക്കുന്ന ഓർമകൾ 15 വർഷം പിന്നിടുമ്പോൾ 2004 ഡിസംബർ 26-ന്റെ ദുരന്തം ഒരിക്കലും ആവർത്തിക്കരുതേയെന്ന പ്രാർഥനയിലാണ് ഇന്നും തീരദേശം. മലപോലെ പാഞ്ഞെത്തിയ തിരമാലകൾ തീരത്തെ തകർത്തെറിഞ്ഞതിന്റെ ഞെട്ടലിൽനിന്ന് ഇനിയും ആറാട്ടുപുഴ മുക്തമായിട്ടില്ല.

സുനാമി തിരകൾ ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളായ വലിയഴീക്കൽ, തറയിൽക്കടവ്, പെരുമ്പള്ളി എന്നീ പ്രദേശങ്ങളെ നിമിഷങ്ങൾക്കകമാണ് തൂത്തെറിഞ്ഞത്. 29 ജീവനുകൾ പൊലിഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ട നിരവധിപേരാണ് തീരത്ത് ദുഖംപേറി ജീവിക്കുന്നത്. ഭാര്യയും മക്കളും അച്ഛനും അമ്മയുമൊക്കെ നഷ്ടപ്പെട്ടവർ.

സർവതും നഷ്ടപ്പെട്ട തീരജനതയെ കൈപിടിച്ചുയർത്താൻ കോടികൾ ചെലവഴിച്ചു. സർക്കാരും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം സഹായവുമായെത്തി. വിലയിരുത്തുമ്പോൾ നേട്ടങ്ങളോടൊപ്പം കോട്ടങ്ങളുമുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ കുറേയേറെ മാറ്റമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും ചില പദ്ധതികൾ പ്രയോജനരഹിതമായി.

നേട്ടങ്ങൾ, കോട്ടങ്ങൾ

പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള പദ്ധതികളിൽ നിർമിച്ച മൂവായിരത്തിലധികം വീടുകൾ, കായംകുളം കായലിന് കുറുകെ പണിത കൊച്ചിയുടെജെട്ടി പാലം, കുടിവെള്ള പദ്ധതി, പ്രാഥമാകാരോഗ്യകേന്ദ്രത്തിലെ കിടത്തി ചികിത്സാകേന്ദ്രം തുടങ്ങിയവയെല്ലാം തീരദേശവാസികൾക്ക് നേട്ടങ്ങളായി. ഇതുവരെ പ്രവർത്തനം തുടങ്ങാനായില്ലെങ്കിലും രാമഞ്ചേരിയിലെ ഫിഷ് മീൽ പ്ലാന്റും നേട്ടങ്ങളുടെ ഗണത്തിൽപ്പെടുത്താം.

തറയിൽക്കടവിലെ പ്രയോജനരഹിതമായ വൃദ്ധസദനം, പണിപൂർത്തീകരിക്കാത്ത തറയിൽക്കടവിലെ ഫീഷറീസ് അശുപത്രി കെട്ടിടം, പാതിവഴിയിൽ നിർമാണം നിലച്ച ആയൂർവേദാശുപത്രിയിലെ കിടത്തിച്ചികിത്സാ വാർഡ്, ഉദ്ഘാടനം വൈകുന്ന മത്സ്യബന്ധന തുറമുഖം, പാതിവഴിയിൽ നിർത്തേണ്ടിവന്ന വലിയഴീക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടം, വലിയഴീക്കൽ-അഴീക്കൽ ജങ്കാർ സർവീസ് എന്നിവയെല്ലാം പോരായ്മയുടെ പട്ടികയിലാണ്. കൊച്ചിയുടെജെട്ടി, കരിമ്പിതെക്കതിൽ, രാമഞ്ചേരി, വട്ടച്ചാൽ സുനാമി കോളനികളിൽ പണിപൂർത്തിയാകാത്ത കുറച്ചുവീടുകൾ ഇപ്പോഴുമുണ്ട്.

തകർന്നുപോയ ജനതയെ കൈപിടിച്ചുയർത്താൻ മുടക്കിയ കോടികളുടെ കണക്കെടുത്താൽ ഇതിലുംവലിയ പുരോഗതി ആറാട്ടുപുഴയ്ക്ക് ഉണ്ടാകുമായിരുന്നെന്ന് വിശ്വസിക്കുന്നവരാണ് തീരദേശവാസികളിലധികവും. തിരമാലകൾ ആഞ്ഞൊന്നടിച്ചാൽ ഇന്നും തീരദേശവാസികൾ വീടുവിട്ടോടേണ്ട ഗതികേടിലാണ്.

14-കിലോമീറ്ററോളം വരുന്ന തീരത്തിന്റെ ആറിലൊന്നുഭാഗത്തുപോലും ശക്തമായ കടൽഭിത്തിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച അനുസ്മരണ പരിപാടികളുണ്ട്.