മുതുകുളം: ആറാട്ടുപുഴയിൽ തെരുവുനായശല്യം വർധിക്കുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടങ്ങളുടെ ആക്രമണം വർധിച്ചതോടെ തീരദേശവാസികൾ ഭയപ്പാടിലാണ്. പെരുമ്പള്ളി, രാമഞ്ചേരി, വട്ടച്ചാൽ ഭാഗങ്ങളിലാണ് നായ്ക്കൾ ക്രമാതീതമായി പെരുകുന്നത്. വലിയഴീക്കൽ, തറയിൽക്കടവ്, നല്ലാണിക്കൽ ഭാഗങ്ങളിലും നായശല്യമുണ്ട്. തീരദേശപാതയിലൂടെയുള്ള രാത്രിയാത്രക്കാർക്ക് നായ്ക്കൾ വലിയ ഭീഷണിയാണ്‌ ഉയർത്തുന്നത്.

ഇരുചക്രവാഹനയാത്രക്കാർക്കാണ് കൂടുതൽ ഭീഷണി. ഒരുവർഷം മുൻപ് നായ കുറുകേ ചാടിയതിനെത്തുടർന്ന് ഇവിടെ യുവാവ് മരണപ്പെട്ടിരുന്നു. നായയെ തട്ടിവീണ് നിരവധി അപകടങ്ങളും ഉണ്ടാകുന്നുണ്ട്. റോഡരികിലും മറ്റും തമ്പടിച്ചിരിക്കുന്ന നായ്ക്കൾ കൂട്ടത്തോടെ പിന്നാലെ ഓടിയെത്തി യാത്രക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു. ഭയം കാരണം രാത്രി വൈകി ഇരുചക്രവാഹനത്തിൽ പോകുന്നവർ പിന്നാലെ വരുന്ന മറ്റ് യാത്രക്കാർ എത്തിയശേഷം ഒരുമിച്ചാണ് പെരുമ്പള്ളിയിൽനിന്ന് വടക്കോട്ട് പോകുന്നത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നായ ആക്രമിച്ച സംഭവങ്ങളും പ്രദേശത്തുണ്ടായിട്ടുണ്ട്. ഇതുകാരണം കുട്ടികളെ മുറ്റത്തേക്കിറക്കാൻപോലും വീട്ടുകാർ ഭയപ്പെടുകയാണ്. സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികൾക്കും നായ്ക്കൾ ഭീഷണിയാണ്. തെരുവുനായശല്യം നിയന്ത്രിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.