ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് അഹങ്കാരവും ഞാനെന്ന ഭാവവുമാണുള്ളതെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡി.സി.സി.പ്രസിഡൻറ്് എം.ലിജു നയിച്ച ജില്ലാ പദയാത്രയായ ജനകീയ പ്രക്ഷോഭജ്വാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായിയുടെ ദുർഭരണം അവസാനിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. പരാജയപ്പെട്ട രണ്ട് ഭരണാധികാരികളാണ് നരേന്ദ്രമോദിയും പിണറായി വിജയനും.

കോൺഗ്രസിന് ഇനിയുള്ളത് മോദിക്കും പിണറായിക്കുമെതിരേയുള്ള പോരാട്ടത്തിന്റെയും പ്രക്ഷോഭത്തിന്റെയും നാളുകളാണ്. ബാലറ്റിലൂടെ ജനം അതിശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള സമരത്തിൽ കമ്യൂണിസ്റ്റുകാർ ഒളിച്ചുകളിക്കുകയാണ്. അവരുടെ എം.പി.മാർ പാർലമെന്റിലും സമരമുഖത്തും കള്ളക്കളി നടത്തുന്നു. ന്യൂനപക്ഷങ്ങൾക്കൊപ്പം നിന്ന ചരിത്രം കമ്യൂണിസ്റ്റുകാർക്കില്ല. അവരുമായി ഒരു സമരത്തിലും കൈകോർക്കാൻ കോൺഗ്രസ് ഒരുക്കമല്ല. കേരളത്തിൽ മുഖ്യശത്രു സി.പി.എം. ആണ്.

കേന്ദ്രം ഭരിക്കുന്ന മോദിയും അമിത്ഷായും ഫാസിസത്തിന്റെ ഇരട്ടമുഖങ്ങളാണ്. ജനങ്ങളുടെ ജീവത്പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് നേരമില്ല. ഹിന്ദുരാഷ്ട്രമുണ്ടാക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എം.ലിജു അധ്യക്ഷനായി. കേന്ദ്രം ഭരിക്കുന്നത് വർഗീയ ഫാസിസ്റ്റ് സർക്കാരും കേരളം ഭരിക്കുന്നത് രാഷ്ട്രീയ ഫാസിസ്റ്റ് സർക്കാരുമാണെന്ന് അദ്ദേഹം പറഞ്ഞു.

രമ്യ ഹരിദാസ് എം.പി. മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി., ഷാനിമോൾ ഉസ്മാൻ എം.എൽ.എ., മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, പാലോട് രവി, എ.എ.ഷുക്കൂർ, സുബ്രഹ്മണ്യദാസ്, കെ.കെ.ഷാജു, ഡോ. നെടുമുടി ഹരികുമാർ, ഡി.സുഗതൻ, എം.മുരളി, ജോൺസൺ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

ജനസാഗരമായി സമാപന സമ്മേളനം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ ഡി.സി.സി.പ്രസിഡന്റ്‌ എം.ലിജു നയിച്ച പദയാത്രയായ ജനകീയ പ്രക്ഷോഭജ്വാലയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് പ്രവർത്തകർ. അരൂർ നിയോജകമണ്ഡലത്തിലെ പെരുമ്പളം ദ്വീപിൽ ഫെബ്രുവരി രണ്ടിന് തുടങ്ങിയ പദയാത്ര ജില്ലയിലെ 68 പഞ്ചായത്തുകളിലും ആറ്‌്‌ മുനിസിപ്പാലിറ്റികളിലുമായി 450-ൽപ്പരം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആലപ്പുഴ ബീച്ചിൽ സമാപിച്ചത്.

ഞായറാഴ്ച വൈകീട്ട് ആലപ്പുഴ സക്കറിയാ ബസാറിൽനിന്നാണ് സമാപനറാലി തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലി കടപ്പുറത്ത് എത്തിയപ്പോൾ ജനസാഗരമായി മാറി. പ്രവർത്തകരുടെ ആവേശം വാനോളം ഉയർന്നു.