ചെങ്ങന്നൂർ: പൊള്ളുന്ന ചൂടിൽ വലയുകയാണ് ചെങ്ങന്നൂർ ഗവ. ജില്ലാ ആശുപത്രി പ്രസവശുശ്രൂഷാ (ഒ.ബി.ജി.) വാർഡിലെ അമ്മമാരും നവജാതശിശുക്കളും. എ.സി. സ്ഥാപിക്കാൻ പാകത്തിന് രൂപകല്പന ചെയ്തതിനാൽ വായുകയറാനുള്ള മാർഗങ്ങളൊന്നും നിലവിലില്ല. എ.സി. സ്ഥാപിച്ചിട്ടുമില്ല, കാറ്റ് കയറുകയും ചെയ്യാത്ത അവസ്ഥയിൽ വാർഡിലുള്ളവർ ഉരുകുകയാണ്.
ആരോഗ്യപ്രശ്‌നങ്ങൾ
ചൂട് കൂടുന്നത് നവജാതശിശുക്കൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നെന്ന് പരാതിയുണ്ട്. ചില കുഞ്ഞുങ്ങൾക്ക് മൂത്രംപോകാൻ പ്രയാസം നേരിടുന്നതായി അമ്മമാർ പറയുന്നു. പ്രസവം കഴിഞ്ഞ് വിശ്രമത്തിൽ കഴിയേണ്ട അമ്മമാർക്കും ചൂട് പ്രശ്‌നമാണ്. ഇതുമൂലം വേഗത്തിൽ ആശുപത്രി വിടാൻ പലരും നിർബന്ധം പിടിക്കുന്നതായും പറയുന്നു.
ജനൽതുറന്നിട്ടും രക്ഷയില്ല
ചില ദിവസങ്ങളിൽ ഉച്ചനേരത്ത് 34 ഡിഗ്രി സെൽഷ്യസ് വരെയാണ് ചെങ്ങന്നൂരിൽ അന്തരീക്ഷ താപനില. മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലായതിനാൽ മറ്റ് മുറികളിലേക്കാൾ ഒ.ബി.ജി. വാർഡിൽ ചൂട് കൂടുതലാണ്. ഇതിനുമുകളിൽ ട്രസ് മേൽക്കൂരയുമില്ല. ഈ സമയത്ത് വിയർത്തൊലിക്കുകയാണ് വാർഡിലുള്ളവർ. ജനാലകൾ തുറന്നാലും മറ്റ് കെട്ടിടങ്ങളുള്ളതിനാൽ കാറ്റ് കിട്ടില്ല.
എ.സി. സ്ഥാപിക്കും
എയർകണ്ടീഷണർ സ്ഥാപിക്കാൻ ആശുപത്രി വികസനസമിതി തീരുമാനിച്ചിട്ടുണ്ട്. വാർഡ് പ്രവർത്തിച്ചുതുടങ്ങിയ ശേഷമാണ് പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടത്.
ഡോ.ഗ്രേസ് ഇത്താക്ക്
സൂപ്രണ്ട്
ചെങ്ങന്നൂർ ജില്ലാ ആശുപത്രി
ചൂട് സഹിക്കാൻ വയ്യ
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ചൂടായിരുന്നു, ഒട്ടും സഹിക്കാൻ വയ്യ. പ്രസവം കഴിയുമ്പോൾ പൊതുവേ ചൂട് അനുഭവപ്പെടാറുണ്ട് സ്ത്രീകൾക്ക്. അതിന്റെ കൂടെ വായുസഞ്ചാരമില്ലാത്ത ഇടം കൂടിയാകുമ്പോൾ വലിയ ദുരിതമാണ്.
സരോജിനിയമ്മ
(പ്രസവിച്ച പെൺകുട്ടിയുടെ അമ്മ)