കലവൂർ : മാരാരിക്കുളം തെക്കുപഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിൽ അമ്മയെയും രണ്ട് ആൺമക്കളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോർത്തുശ്ശേരി കുന്നേൽവീട്ടിൽ ആനി രഞ്ജിത്ത് (54), മക്കളായ ലെനിൻ രഞ്ജിത്ത് (അനിൽ -36), സുനിൽ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും മക്കളുടെ അമിതമദ്യപാനംമൂലം തമ്മിലുണ്ടാകുന്ന വഴക്കിൽ മനംനൊന്ത് ഇരുവർക്കും വിഷംനൽകി ആനി ജീവനൊടുക്കിയതാകാമെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനവും വഴക്കുമാണു മരണകാരണമെന്നാണ് സ്പെഷ്യൽബ്രാഞ്ച് നൽകിയിരിക്കുന്ന റിപ്പോർട്ട്.

ആനിയെ വീടിന്റെ മുൻവശത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും മക്കളെ രണ്ടുമുറികളിലായി കട്ടിലിൽ മലർന്നുകിടന്ന നിലയിലുമാണു കണ്ടെത്തിയത്. ആനി തൊഴിലുറപ്പു തൊഴിലാളിയും മക്കൾ മത്സ്യത്തൊഴിലാളികളുമാണ്. രണ്ടാഴ്ചത്തെ ജോലിക്കുശേഷം ശനിയാഴ്ചയാണ് കൊച്ചിയിൽനിന്ന് ലെനിൻ വീട്ടിലെത്തിയത്. രാത്രി സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടായതായും മദ്യപിച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നതു പതിവാണെന്നും അയൽവാസികൾ പറഞ്ഞു. ഞായറാഴ്ച രാവിലെ വീട്ടിൽ ചിട്ടിപ്പണം പിരിക്കാൻചെന്ന അയൽവാസിയായ യുവാവാണ് ആനി തൂങ്ങിനിൽക്കുന്നതു കണ്ടത്. പിന്നീട്, ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മക്കളെ മരിച്ചനിലയിൽ കണ്ടത്. ആനിയുടെ ഭർത്താവ് രഞ്ജിത്ത് ഏഴുവർഷം മുൻപു ഹൃദ്രോഗം ബാധിച്ചാണ് മരിച്ചത്.

അമ്പലപ്പുഴ ഡിവൈ.എസ്.പി. എസ്.ടി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി എസ്.എച്ച്.ഒ. പി.കെ. മോഹിത്, ആലപ്പുഴ സൗത്ത് എസ്.എച്ച്.ഒ. എസ്. അരുൺ, മാരാരിക്കുളം എസ്.എച്ച്.ഒ. എസ്. രാജേഷ്, മണ്ണഞ്ചേരി എസ്.ഐ. കെ.ആർ. ബിജു എന്നിവർ ചേർന്നു മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

തീരം നടുങ്ങി

ആനി ആന്റി തൂങ്ങി നിൽക്കുന്നു... ബന്ധുവും അയൽക്കാരിയുമായ റോസ്‌മേരിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണു സമീപവാസിയായ നാലുതൈക്കൽ അരളപ്പൻ ഓടിച്ചെന്നത്. അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോൾ തൊട്ടടുത്ത രണ്ടുമുറികളിലായി ആനിയുടെ മക്കളായ ലെനിനും സുനിലും കിടക്കുന്നു. ശരീരത്തു തൊട്ടപ്പോൾ തണുത്ത് വിറങ്ങലിച്ചിരുന്നു.

അപ്പോഴേക്കും കോർത്തുശ്ശേരി കുന്നേൽ വീട്ടുമുറ്റത്തേക്ക് പ്രദേശവാസികൾ എല്ലാവരും ഓടിക്കൂടിയിരുന്നു. ‘ഇന്നാട്ടിൽ ഇങ്ങനെ ഒരു സംഭവം ആദ്യമാണ്’ എഴുപത്തിരണ്ടുകാരനായ അരളപ്പൻ പറഞ്ഞു. എല്ലാവരുടെയും മുഖത്ത് സങ്കടവും ദൈന്യതയും. ആനിയെക്കുറിച്ചാണ് എല്ലാവർക്കും സങ്കടം.

വൈകാതെ പോലീസെത്തി വീടിന്റെ നിയന്ത്രണം ഏറ്റെടുത്തു. സുനിലിന്റെ കാതിൽനിന്ന് ഹെഡ്‌ഫോൺ ഊരി കിടന്നിരുന്നു. സഹോദരങ്ങളുടെ കിടപ്പിൽ അസ്വാഭാവികതയോ മറ്റ് അടയാളങ്ങളോ ഒന്നും തന്നെ പ്രഥമദൃഷ്ട്യാ പോലീസ് കണ്ടെത്തിയില്ല.

സമീപവാസിയായ വാഴക്കൂട്ടത്തിൽ ബിനു ഞായറാഴ്ച രാവിലെ എട്ടരയോടെ ചിട്ടിപ്പണം വാങ്ങാൻ വന്നപ്പോൾ ആരുടെയും പ്രതികരണമില്ലാതെ വന്നപ്പോൾ ജനാലയിലൂടെ നോക്കിയപ്പോളാണ് ആനി തൂങ്ങിനിൽക്കുന്നതു കണ്ടത്.

റോസ്‌മേരിയെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നായ എത്തി അകത്തുനിന്നു മണം പിടിച്ച് അടുക്കളവശത്തും മുറ്റത്തുകൂടെയും ഓടി തിരികെ വീടിനകത്തു വന്നിരുന്നു.

'വിഷം കൊടുത്തു കൊല്ലും... ഞാനും ചാകും'

കലവൂർ: ‘മക്കളെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ വന്നപ്പോ ആനിക്ക് ഇങ്ങനെ ചെയ്യണമെന്നു തോന്നിക്കാണും. അവന്മാരെക്കൊണ്ട് ആ പാവം കുറെ വിഷമിച്ചിട്ടുണ്ട്.’ സമീപവാസികളായ ചില സ്ത്രീകളുടെ അടക്കം പറച്ചിലിൽ കോർത്തുശ്ശേരി കുന്നേൽ വീട്ടിൽ ആനിയുടെ ദുരന്തജീവിതമുണ്ട്.

ആനിയുടെ ഭർത്താവ് ഏഴുവർഷം മുൻപു മരിച്ചതാണ്. അതിനുശേഷം മക്കളായ ലെനിനിലും സുനിലിലുമായിരുന്നു പ്രതീക്ഷ. പക്ഷേ, ആനിക്ക് അവരിൽനിന്ന് ഒരിക്കലും സന്തോഷം കിട്ടിയിരുന്നില്ലെന്നു സമീപവാസികൾ പറയുന്നു. മക്കളിലൂടെ സ്വസ്ഥത നശിച്ചപ്പോൾ, ഇവന്മാർക്ക് വിഷം കലക്കിക്കൊടുത്തു ഞാൻ തൂങ്ങി മരിക്കുമെന്നു കഴിഞ്ഞയിടെ ആനി പരിസരവാസികളോടു പറഞ്ഞിരുന്നു.

രണ്ടുപേരും വീട്ടിലുള്ളപ്പോൾ ഒരുമിച്ചിരുന്നു മദ്യപിച്ച് അവസാനം തമ്മിലടിയായിരുന്നു. ശനിയാഴ്ചരാത്രിയും ലെനിനും സുനിലും ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം തമ്മിൽ അടികൂടിയിരുന്നു. മദ്യപിച്ച് നാട്ടിലിറങ്ങി ഇരുവരും പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു.

മത്സ്യത്തൊഴിലാളികളായ ഇവർ മുടങ്ങാതെ പണിക്കു പോകുമായിരുന്നു. പക്ഷേ, വീട് ബലക്ഷയം വന്നു തകർച്ചയുടെവക്കിലാണ്. പുനരുദ്ധാരണത്തിനു പഞ്ചായത്തിൽനിന്നു പണം അനുവദിച്ചിട്ടുണെന്ന് വാർഡംഗം അഭിലാഷ് പറഞ്ഞു. പ്രായമേറെ ചെന്നെങ്കിലും മക്കൾ ആരും വിവാഹവും കഴിക്കാത്തതിലും ആനി വിഷമത്തിലായിരുന്നു.

പോലീസ് പൂട്ടിപ്പോയ കതക് തകർക്കാൻ ശ്രമം

അമ്മയും രണ്ട് ആൺമക്കളും മരിച്ചനിലയിൽ കണ്ടെത്തിയ വീട് പോലീസ് പൂട്ടിപ്പോയശേഷം കതക് തകർത്ത് അകത്തു കയറാൻ ശ്രമം. അയൽവാസികൾ കണ്ട് ഒച്ച വെച്ചപ്പോൾ യുവാവ് കടന്നു. വിവരം അറിഞ്ഞു മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തി. യുവാവിനായി തിരച്ചിൽ നടത്തുമെന്ന് എസ്.ഐ. കെ.ആർ. ബിജു പറഞ്ഞു.

Content Highlights: mother and sons found dead inside home at alappuzha