ആലപ്പുഴ: സർക്കാർ തുടങ്ങുന്ന വേമ്പനാട് കായൽ സംരക്ഷണ പദ്ധതി പ്രകാരം ജില്ലയിൽ കായലിലെ 14 ഇടങ്ങൾ കരിമീൻ സംരക്ഷിത സങ്കേതങ്ങളാക്കി മാറ്റുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ജില്ലയിൽ 14 മത്സ്യസങ്കേതങ്ങളും 14 കക്ക പുനരുജ്ജീവന യൂണിറ്റുകളും സ്ഥാപിക്കുന്നതിന് ആദ്യപടിയായി മണ്ണഞ്ചേരി പഞ്ചായത്തിലെ അമ്പലക്കടവ് ആദ്യ മത്സ്യസംരക്ഷിത മേഖലയായും മണ്ണഞ്ചേരി കിഴക്ക് കക്കാ പുനരുജ്ജീവന മേഖലയായും പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ. 4.8 ലക്ഷം മെട്രിക് ടൺ കടൽ മത്സ്യ ഉത്‌പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 6.2 ലക്ഷം മെട്രിക് ടൺ ആയി. മത്സ്യത്തെ മത്സ്യത്തൊഴിലാളികൾ തന്നെ സംരക്ഷിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറണം.

പദ്ധതിയുടെ ആദ്യഘട്ടമായി ജില്ലയ്ക്ക് 160 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു. ഡോ.കെ.കെ.അപ്പുക്കുട്ടൻ, ബി.ഇഗ്നേഷ്യസ് മണ്ഡ്രോ, മണിപ്രഭാകർ, എം.ശ്രീകണ്ഠൻ, പി.എസ്.ജ്യോതിസ്, സൂസൻ സെബാസ്റ്റ്യൻ, ഷീലാ സജീവ്, എന്നിവർ പ്രസംഗിച്ചു.