ചെങ്ങന്നൂർ: ഒരു വയസ്സുകാരൻ ഇഷാനെ കാണാതായിട്ട് മുന്നുദിവസമായി, ഒരു വിവരവുമില്ല. കുളനടയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അവൻ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. കാണാതായതിന്റെ ദുഃഖം സഹിക്കവയ്യാതെ എഴുപത്തിയൊന്നുകാരി രത്നമ്മയ്ക്ക് ശാരീരിക അവശതകൾ കലശലായി കിടപ്പിലായി.

പത്രപരസ്യം നൽകി പോലീസിൽ പരാതിപ്പെടുകയും ചെയ്തു, വിവരമൊന്നുമില്ല. പറഞ്ഞുവന്നത് മനുഷ്യക്കുട്ടിയെ പറ്റിയെന്ന് ധരിക്കരുത്. ഇഷാൻ ഒരു രസികൻ നായ്ക്കുട്ടിയാണ്. പഗ് ഇനത്തിൽപ്പെട്ട അവനെ മനുഷ്യക്കുട്ടിയെ പോലെ ലാളിച്ചാണ് രത്നമ്മയും മകൾ അധ്യാപികയുമായ അഞ്ജുവും വളർത്തിയിരുന്നത്. പുറത്ത് പോകുമ്പോൾ ഉടുപ്പിടീച്ച് അവനെയും കൊണ്ടേ പോകാറുണ്ടായിരുന്നുള്ളൂ.

മാസങ്ങൾക്ക് മുൻപ് 12,500 രൂപയ്ക്ക് കോട്ടയത്തുനിന്നാണ് ഇഷാനെ വാങ്ങിയത്. തുടർന്ന് വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നെന്ന് അഞ്ജു പറഞ്ഞു. അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളും മാനസിക പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ അവൻ പെട്ടെന്ന് തിരിച്ചറിഞ്ഞ് തൊട്ടുരുമ്മിയിരിക്കും. എവിടെ പോയാലും കൂട്ടായി കൂടും.

മുറ്റത്ത് നിർത്തി കുളിമുറിയിൽ പോയി വന്നപ്പോഴേക്കുമാണ് കക്ഷി അപ്രത്യക്ഷനായത്. ആരും കൊണ്ടു പോവാതെ തനിയെ പുറത്തുപോവില്ല അവൻ. അഥവാ ഗേറ്റിന് വെളിയിൽ ഇറങ്ങിയാലും പെട്ടെന്ന് ചാടി അകത്തു കയറുമെന്നാണ് വീട്ടുകാർ പറയുന്നത്. കിടപ്പിലായ രത്നമ്മയുടെ ആരോഗ്യം വീണ്ടെടുക്കാൻ ഇഷാന്റെ സാന്നിധ്യം കൂടിയേ കഴിയൂ എന്ന് അഞ്ജു പറഞ്ഞു. നവമാധ്യമങ്ങളിൽ അടക്കം വിവരം നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവർ.