പുന്നപ്ര: ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായി പുന്നപ്ര മിൽമ ഡെയറി സന്ദർശകർക്കായി വാതിൽ തുറന്നപ്പോൾ എത്തിയത് മുപ്പതിനായിരത്തിലേറെപ്പേർ. രണ്ടുദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികളെക്കൊണ്ട് ഡെയറി തിങ്ങിനിറഞ്ഞു. പൊതുജനങ്ങളുടെയും വലിയ തിരക്കായിരുന്നു.

പാൽ കേടുകൂടാതെ ശീതീകരിച്ച് സൂക്ഷിക്കുന്ന സംവിധാനം, പാൽപ്പൊടി, നെയ്യ്, വിവിധതരം ശീതളപാനീയങ്ങൾ, പേട എന്നിവയുടെ നിർമാണം, യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം ഡെയറി ജീവനക്കാർ സന്ദർശകർക്ക് വിവരിച്ചു. ഇരുപതുശതമാനം വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങാൻ കൗണ്ടറുകളിൽ തിരക്കേറിയിരുന്നു.

വ്യത്യസ്ത ഇനം ഐസ്‌ക്രീമും പേടയും മാംഗോ ജ്യൂസും മിഠായികളുമാണ് കുട്ടികളെ ആകർഷിച്ചത്. കഴിഞ്ഞവർഷം പതിനാലായിരം പേരാണ് രണ്ടുദിവസംകൊണ്ട് മിൽമ ഡെയറി സന്ദർശിച്ചത്. ഇത്തവണ ഇതിന്റെ ഇരട്ടിയിലധികം പേരെത്തി. മിൽമ തിരുവനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശും ബോർഡംഗങ്ങളായ കരുമാടി മുരളി, വി.വി.വിശ്വൻ എന്നിവരും ചൊവ്വാഴ്ചഡെയറി സന്ദർശിച്ചു.

ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി.ശ്രീലത, അസിസ്റ്റന്റ് ഡയറക്ടർ ഡി.ഡി.ശ്രീലേഖ, ഡെയറി മാനേജർ ഫിലിപ്പ് തോമസ്, മാർക്കറ്റിങ് മാനേജർ ബി.സുരേഷ്, വി.എസ്.മുരുകൻ, ടി.പ്രദീപ്, ബോബി വർഗീസ്, ശ്യാമകൃഷ്ണൻ, ഭാഗ്യലക്ഷ്മി, രാജീവ് പറത്തറ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.