മാവേലിക്കര: പട്ടികജാതി-പട്ടികവർഗ, കിർടാഡ്‌സ് വകുപ്പുകൾ സംഘടിപ്പിക്കുന്ന ഗദ്ദിക-2019 നാടൻ കലാമേളയും ഉത്പന്ന പ്രദർശന വിപണനമേളയും മൂന്നുമുതൽ 12 വരെ മാവേലിക്കര കോടിക്കൽ ഗാർഡൻസിൽ നടക്കും. ചൊവ്വാഴ്ച വൈകീട്ട് 3.30-ന് സാംസ്‌കാരിക ഘോഷയാത്ര പുതിയകാവിൽ നിന്നാരംഭിക്കും. പൊതുസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനാകും. മന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയാകും.

ആറിന് വൈകീട്ട് അഞ്ചിന് ഡോ. ബി.ആർ.അംബേദ്കർ മാധ്യമ പുരസ്‌കാര സമർപ്പണ സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ആർ.രാജേഷ് എം.എൽ.എ. അധ്യക്ഷനാകും. ഗദ്ദിക സമാപന സമ്മേളനം 12-ന് വൈകീട്ട് 5.30-ന് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും.

നാലുമുതൽ 11 വരെ ദിവസവും വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സായാഹ്നം, ആറിന് നാടൻ കലാപരിപാടികൾ എന്നിവ നടക്കുമെന്നു ആർ.രാജേഷ് എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് എന്നിവർ അറിയിച്ചു.

മൂന്നിന് വൈകീട്ട് ആറിന് മാനന്തവാടി പി.കെ.കരിയന്റെ ഗദ്ദിക, അട്ടപ്പാടി പഴനി സ്വാമിയുടെ ഇരുള നൃത്തം, കൊയിലാണ്ടി നാരായണന്റെ കണ്ഠകർണൻ തെയ്യം, സുൽത്താൻബത്തേരി അനീഷിന്റെ നാടൻപാട്ട്. നാലിന് വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സായാഹ്നം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ആറിന് ഇടുക്കി അരുവിയുടെ പളിയനൃത്തം, കോഴിക്കോട് സുർജിത് പണിക്കരുടെ വിഷ്ണു മൂർത്തി തെയ്യം, ഭാരത് ഭവന്റെ ഒന്നു ചിരിക്കൂ, ഒരിക്കൽ കൂടി.

അഞ്ചിന് വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സായാഹ്നം സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആറിന് കോഴിക്കോട് പി.ശ്രീധരന്റെ രക്തചാമുണ്ഡി തെയ്യം, അരിപ്പ ശംഖൊലി ആദിവാസി കലാസമിതിയുടെ കോലാട്ടക്കളി, കൈകൊട്ടിക്കളി, വായ്ത്താരി, കുണ്ടറ രാജമ്മ അയ്യപ്പന്റെ പൂപ്പട തുള്ളൽ, പാല കമ്യൂണിക്കേഷൻസ് ഗാനമേള.

ആറിന് വൈകീട്ട് ആറിന് മറയൂർ ജഗദീഷിന്റെ ആട്ടം, കാസർകോട്‌ കുഞ്ഞിക്കണ്ണന്റെ മംഗലം കളി, തെയ്യം. ഏഴിന് വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സായാഹ്നം ചിറ്റയം ഗോപകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആറിന് മാനന്തവാടി എം.രഘുവിന്റെ കോൽ ആട്ടെ, തോട്ടി ആട്ടെ. മലപ്പുറം മുരളി വാഴയൂറിന്റെ കരിവില്ലി തിറയാട്ടം, നീലേശ്വരം എം.വി.അനന്തന്റെ മൂളം ചെണ്ട, എരുത്കളി. വേങ്ങേരി ജയകൃഷ്ണന്റെ മാണിക്യ സ്മൃതി.

എട്ടിന് വൈകീട്ട് ആറിന് ഇടുക്കി സി.ആർ.ബാലന്റെ ഊരാളികൂത്ത്, പട്ടാമ്പി പി.പി.ശ്രീനിവാസന്റെ പുള്ളുവൻപാട്ട്, തിരി ഉഴിച്ചിൽ, നാടകം. ഒൻപതിന് വൈകീട്ട് ആറിന് കാസർകോട്‌ സജ്ജീവന്റെ കൊറഗനൃത്തം, വയനാട് അശോകന്റെ കമ്പളക്കളി, വട്ടക്കളി, ഗുരുഗോപിനാഥിന്റെ നൃത്തം. പത്തിന് വൈകീട്ട് ആറിന് അഖിലേഷ് പണിക്കരുടെ പുതിയ ഭഗവതി തെയ്യം, മനോഹരന്റെ ആട്ട്പാട്ട്, പന്തളം പൊലിവിന്റെ പാക്കനാർക്കളി, പരുന്താട്ടം, എരുമേലി രാഹുൽഗാന്ധിയുടെ നാടൻപാട്ട്. 11-ന് വൈകീട്ട് ആറിന് പാലക്കാട് ഒ.എം.പ്രസാദിന്റെ പൂതൻതിറ, സിന്ധു കൃഷ്ണദാസിന്റെ വട്ടക്കളി വെട്ടക്കുറുമർ, കെ.സുശീലന്റെ കാക്കാരശി നാടകം, കൊല്ലം പല്ലവിയുടെ നാടൻപാട്ട്, രാജലക്ഷ്മിയുടെ ഗസൽ. 12-ന് വൈകീട്ട് ആറിന് ഭരതൻ ചാത്തമംഗലത്തിന്റെ കരിയാത്തൻ തിറ, ബാബു കുടിയായുടെ മലക്കുടിയ നൃത്തം, ഭാരത് ഭവൻ ആഫ്രോ ഏഷ്യൻ മ്യൂസിക് ബാൻഡ്.