മാവേലിക്കര: ശാരീരിക പരിമിതികളെ നേട്ടങ്ങളാക്കി മാറ്റിയ മലയാളത്തിന്റെ കൺമണിയെത്തേടി വീണ്ടും ദേശീയപുരസ്കാരം. കേന്ദ്ര സർക്കാരിന്റെ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം ഏർപ്പെടുത്തിയ ഭിന്നശേഷിക്കാരിയായ സർഗാത്മക പ്രതിഭയ്ക്കുള്ള പുരസ്കാരമാണ് കൺമണിക്ക് ലഭിച്ചത്.
മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്ടപദിയിൽ ശശികുമാറിന്റെയും രേഖയുടെയും മകളാണ് കൺമണി (19). ജന്മനാ ഇരുകൈകളും ഇല്ലാത്ത കൺമണിയിലെ പ്രതിഭ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത് താഴ്ന്ന ക്ലാസുകളിലെ അധ്യാപികമാരാണ്. കാലുകൊണ്ട് ചിത്രം വരച്ചും സംഗീതമടക്കം മറ്റ് കലകളിൽ പ്രാവീണ്യം പ്രകടിപ്പിച്ചും ശ്രദ്ധേയയായിരുന്നു കൺമണി. കാലുകൾ കൊണ്ട് 350-ലേറെ ചിത്രങ്ങൾ വരച്ച് വിദേശരാജ്യങ്ങളിലടക്കം ചിത്രപ്രദർശനം നടത്തി.
കലോത്സവ വേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. നിരവധി വേദികളിൽ സംഗീതസദസ്സ് അവതരിപ്പിച്ചു. ടെലിവിഷൻ ചാനൽ പരിപാടികളിൽ തിളങ്ങി. ചലച്ചിത്രത്തിലും അഭിനയിച്ചു.
നാലുമാസം മുൻപ് ഡൽഹിയിലെ പാർലമെന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരായ പ്രതിഭകളുടെ പരിപാടിയിൽ കേരളത്തിൽനിന്ന് പങ്കെടുത്ത ഒരേയൊരാൾ കൺമണിയായിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ തുടങ്ങിയവർ ഉൾപ്പെട്ട സദസ്സിനുമുന്നിൽ കച്ചേരി അവതരിപ്പിക്കാൻ ഭാഗ്യമുണ്ടായി.
നിലവിൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ബിരുദ വിദ്യാർഥിനിയായ കൺമണിയുടെ കഴിവിനുള്ള അംഗീകാരമാണ് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം. ഡിസംബർ മൂന്നിന് ലോകഭിന്നശേഷി ദിനത്തിൽ ഡൽഹിയിലെ വിജ്ഞാൻഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയിൽനിന്ന് കൺമണി പുരസ്കാരം ഏറ്റുവാങ്ങും.