Alappuzha
കോർത്തുശ്ശേരി ക്ഷേത്രമുറ്റത്ത് നടക്കുന്ന തിരുവാതിരകളി പരിശീലനം
 

മാരാരിക്കുളം: കാട്ടൂർ കോർത്തുശ്ശേരിയിലെ സ്ത്രീകൾ ജാതിയും മതവും മറന്ന് തിരുവാതിരകളിക്കായി കൈകോർക്കുകയാണ്. കോർത്തുശ്ശേരി ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവത്തോട് അനുബന്ധിച്ച് ഞായറാഴ്ച സംഘടിപ്പിച്ചിട്ടുള്ള മെഗാതിരുവാതിരകളിയിൽ കണ്ണികളാകാൻ അവർ തിരക്കിട്ട പരിശീലനത്തിലാണ്.

ഈ തീരദേശഗ്രാമത്തിലെ ഹൈന്ദവ ക്രൈസ്തവ വിശ്വാസികളായ സ്‌ത്രീകൾ കഴിഞ്ഞ രണ്ടുമാസമായി തിരുവാതിരകളി പഠനത്തിലാണ്. ദിവസവും വൈകീട്ട് അഞ്ചു മുതൽ ആറ്ുവരെ ക്ഷേത്രമൈതാനത്തും തിരഞ്ഞെടുത്ത പത്തോളം കേന്ദ്രങ്ങളിലുമാണ് പരിശീലനം. ഏഴു വയസ്സുകാരി മുതൽ എഴുപത് വയസ്സുകാരി വരെ സംഘത്തിലുണ്ട്.

ശ്രീഷ്മ അനുരൂപ്, രമ്യ രതീഷ് എന്നിവരാണ് തിരുവാതിരകളി പഠിപ്പിക്കുന്നത്. അറുനൂറ്്‌ സ്ത്രീകൾ പഠിക്കാനുണ്ട്. ഇതിൽ നൂറോളംപേർ ക്രൈസ്തവ വിശ്വാസികളാണ്. ഏറെക്കാലമായി മതേതര രീതിയിലാണ് ഇവിടത്തെ ആരാധന. ക്ഷേത്രത്തിലെ പ്രധാന ഉത്സവനാളുകളിലെ ദീപാരാധനയുടെ സമർപ്പണം നടത്തുന്നത് ക്രൈസ്തവ സഹോദരങ്ങളായ പാനേഴത്ത് ബെഞ്ചമിനും തയ്യിൽ പത്രോസ് മർസിലിനുമാണ്.

ക്രൈസ്തവർ ഉത്സവ കമ്മിറ്റിയുടെ ഭാരവാഹികൾ വരെയായിട്ടുണ്ട്. എസ്.എൻ.ഡി.പി.യോഗം 506 നമ്പർ ശാഖായോഗം വകയായ ക്ഷേത്രത്തിൽ പുതുതായി പണിത ഗുരുമന്ദിരത്തിന്റെ സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഞായറാഴ്ച നടക്കും. ചടങ്ങുകൾ വെള്ളിയാഴ്ച തുടങ്ങും.

വിഗ്രഹ ഘോഷയാത്ര, താഴികക്കുടം പ്രതിഷ്ഠ, ദാർശനിക സമ്മേളനം, പ്രഭാഷണം, കലാപരിപാടികൾ എന്നിവയാണ് പരിപാടികൾ.