മാരാരിക്കുളം: മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്ത് പുതുതായി നിർമിച്ച ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ സി.പി.എം -കോൺഗ്രസ് സംഘർഷം. കുടുംബശ്രീ അംഗങ്ങളായ ചൂത്തനാട് പ്രസന്ന, കൊരാട്ട് വെളി മണിയമ്മ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്് കെ.വി.ജോസി, കെ.എസ്.യു. ജില്ലാ സെക്രട്ടറി എ.ഡി.തോമസ് എന്നിവർക്കാണ് പരിക്ക്.

തിങ്കളാഴ്ച രാവിലെ 10.30-ഓടെ എ.എം.ആരിഫ് എം.പി. പഞ്ചായത്തിന്റെ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ സദസ്സിൽ ഇരിക്കുകയായിരുന്നു. അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്‌കുമാർ ഉദ്ഘാടനത്തിനായി എം.പി.യെ ക്ഷണിച്ചു. എം.പി. വേദിയിലേക്ക് കയറിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. രണ്ടുപേർ വേദിയിലും കയറി പ്രതിഷേധിച്ചു.

ആരോപണ വിധേയനായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി കരിങ്കൊടി കാണിച്ചത്. ഇവരെ നേരിടാൻ സി.പി.എം പ്രവർത്തകർ ഇറങ്ങിയപ്പോൾ സംഘർഷമായി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചിതറിയോടി.

മാരാരിക്കുളം പോലീസ് എത്തി കോൺഗ്രസ് പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ നീക്കിയ ശേഷമാണ് എ.എം.ആരിഫ് എം.പി. പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം നടത്തിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്് ജി.വേണുഗോപാൽ, കെ.ടി.മാത്യു, ജമീലാ പുരുഷോത്തമൻ, എസ്.രാധാകൃഷ്ണൻ, ഇ.ക്ലീറ്റസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇനിയും അലങ്കോലമാക്കുമെന്ന് കോൺഗ്രസ്

പ്രസിഡന്റ് രാജിവയ്ക്കും വരെ പൊതുപരിപാടികൾ അലങ്കോലമാക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.വി.ജോസി, ഹരിലാൽ, പാർലമെന്ററി പാർട്ടിലീഡർ എൻ.ഷൈലജ, സെക്രട്ടറി ഇ.വി.രാജു എന്നിവർ പറഞ്ഞു. സി.പി.എം. പുറത്താക്കിയിട്ടും പ്രസിഡന്റ് തുടരുകയാണ്. അവിശ്വാസപ്രമേയനോട്ടീസിൽ ഒപ്പിടാത്ത യു.ഡി.എഫ്. മെമ്പർ പി.കെ.പൊന്നപ്പന് വിപ്പ് നൽകാൻ തീരുമാനിച്ചതായും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി

മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങും ലൈഫ് പദ്ധതിപ്രകാരം പൂർത്തികരിച്ച 200 വീടുകളുടെ താക്കോൽദാന ചടങ്ങും അലങ്കോലപ്പെടുത്തിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്‌ട്രീയ ലക്ഷ്യത്തിനായി സ്ത്രീകളെ ആക്രമിച്ചതിൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.