മങ്കൊമ്പ്: കഴിഞ്ഞവർഷത്തെ റെക്കോഡ് വിളവിനുശേഷം ജില്ലയിലെ നെൽ പാടശേഖരങ്ങൾ വീണ്ടുമൊരു പുഞ്ചക്കൃഷിക്ക് ഒരുങ്ങുന്നു. ഇത്തവണ 25,000 ഹെക്ടറിലാണ് വിത പ്രതീക്ഷിക്കുന്നത്. മുൻവർഷം ജില്ലയിൽ 1.94 ലക്ഷം മെട്രിക് ടൺ നെല്ലാണ് ലഭിച്ചത്.

ഏക്കറിന് ശരാശരി 10 മുതൽ 15 ക്വിന്റൽ വരെ നെല്ലാണ് അധികമായി ലഭിച്ചത്. പുഞ്ചക്കൃഷിക്കായി കുട്ടനാടൻ മേഖലയിൽ വെള്ളം വറ്റിച്ച് വരമ്പ് കുത്തും, പോള വാരലും അടക്കമുള്ള പ്രാഥമിക നിലം ഒരുക്കങ്ങൾ നടപടികൾ ആരംഭിച്ചു.

പുളിരസമുള്ള പാടശേഖരങ്ങളിൽ കർഷകർ വെള്ളം കയറ്റിയിറക്കുന്നുണ്ട്. തുലാം പകുതിയോടെ ഇവിടങ്ങളിൽ വിത ആരംഭിക്കും. ഇക്കുറിയും സർക്കാരിൽനിന്ന്‌ ഏക്കറിന് 40 കിലോ വീതമുള്ള സൗജന്യ നെൽവിത്തുണ്ടാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. രണ്ടാം കൃഷിയുള്ള പാടശേഖരങ്ങളിൽ കൊയ്ത്തിനുശേഷമാകും പുഞ്ചയുടെ ഒരുക്കങ്ങൾ ആരംഭിക്കുക.

പുഞ്ചയുടെ തയ്യാറെടുപ്പിനിടയിലും ജില്ലയിൽ 7642 ഹെക്ടറിലെ രണ്ടാം കൃഷിയുടെ കൊയ്ത്തും ആരംഭിച്ചു. 10,401 ഹെക്ടറിൽ വിത നടത്തിയതിൽ 2,658 ഹെക്ടറിലെ കൃഷിയാണ് മഴക്കെടുതിയിൽ നശിച്ചത്.

തകഴി പൊളേപ്പാടം, ചൂരവടി, ചെറുത തേവേരി-തണ്ടപ്ര എന്നീ മൂന്ന് പാടശേഖരങ്ങളിലാണ് കൊയ്ത്ത് ആരംഭിച്ചത്. പോളേപ്പാടത്ത് 130 ഏക്കറിൽ നിന്നായി ശരാശരി 27.5 ക്വിന്റൽ നെല്ലാണ് ലഭിച്ചത്. കുട്ടനാടൻ മേഖലയിൽ എടത്വാ ഇരവുകരി പാടശേഖരത്തും ഇന്ന് കൊയ്ത്താരംഭിക്കും.

1,016 ഹെക്ടറിലുണ്ടായ മുഞ്ഞബാധ നേരത്തെ കർഷകരെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ, കൊയ്ത്ത് പകുതി പിന്നിട്ടശേഷമേ വിളവിന്റെ സ്വഭാവം കൃത്യമായി പറയാൻ കഴിയൂവെന്നാണ് കൃഷി വകുപ്പ് പറയുന്നത്. ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തിനുശേഷവും ചില പാടശേഖരങ്ങൾ വിത നടത്തിയതിനാൽ ഡിസംബർ അവസാനത്തോടെ മാത്രമേ രണ്ടാം കൃഷിയുടെ കൊയ്ത്ത് പൂർത്തിയാകൂ.