മങ്കൊമ്പ്: മങ്കൊമ്പ് മിനി സിവിൽസ്റ്റേഷൻ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം അവസാനഘട്ടത്തിൽ. തെക്കേക്കരയിലെ അപ്രോച്ച് റോഡിന്റെ വശങ്ങളിൽ കല്ലടുക്കുന്ന ജോലി പൂർത്തിയായി. ഇവിടെ ഇനി കുറച്ചുഭാഗത്തുകൂടി മണ്ണടിക്കേണ്ടതുണ്ട്.
അതുകൂടി പൂർത്തിയായാൽ ടാറിങ് ആരംഭിക്കും. വടക്കേക്കരയിലെ അപ്രോച്ച് റോഡിന്റെ നിർമാണം പുരോഗമിക്കുകയാണ്. രണ്ട് കുടുംബങ്ങളിൽനിന്ന് ഏറ്റെടുത്ത സ്ഥലത്തെ നിർമാണപ്രവർത്തനങ്ങളാണ് നടക്കുന്നത്. കുടുംബങ്ങളെ നേരത്തേ ഒഴിപ്പിച്ചിരുന്നെങ്കിലും മഴയും പ്രദേശത്തെ വെള്ളക്കെട്ടുംമൂലം ജോലി വൈകിയാണ് ആരംഭിക്കാനായത്.
ഇപ്പോൾ അപ്രോച്ച് റോഡ് താഴാതിരിക്കുന്നതിനുള്ള സാൻഡ് പൈലിങ്ങും വശങ്ങളിൽ കല്ലടുക്കുന്ന ജോലിയും ഒരേസമയം നടന്നുവരുന്നു. അതിനോടൊപ്പം മണ്ണടിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. ഇതോടെയാണ് വാഹനങ്ങൾക്ക് പാലത്തിലൂടെ കയറി ഇറങ്ങാവുന്ന സ്ഥിതിയായത്. മങ്കൊമ്പ്, പുളിങ്കുന്ന്, കാവാലം പ്രദേശങ്ങളിൽനിന്നുള്ള നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. എ.സി.റോഡിൽനിന്ന് ഈ പ്രദേശങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള മാർഗം തുറന്നുകിട്ടിയതിൽ സ്വകാര്യ വാഹനയാത്രക്കാർ ഏറെ സന്തോഷത്തിലാണ്. എന്നാൽ, വാഹനങ്ങളുടെ തിരക്ക് നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമാകാൻ ഇടയുള്ളതിനാൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിക്കാനിടയുണ്ട്. ഫെബ്രുവരി പകുതിയോടെ നിർമാണം പൂർത്തിയാക്കി കൈമാറണമെന്നാണ് കരാറുകാർക്ക് നൽകിയിരിക്കുന്ന നിർദേശമെന്ന് പാലത്തിന്റെ നിർമാണച്ചുമതലയുള്ള കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മാനേജർ രാകേഷ് പറഞ്ഞു.