മങ്കൊമ്പ് : മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ച. പുളിങ്കുന്ന് പഞ്ചായത്ത് എട്ടാം വാർഡിലെ പടക്ക നിർമാണശാലകൾക്ക് സമീപത്തെ വീട്ടുകാർ ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം കേട്ടാണ് പുറത്തേക്ക് ഓടിയത്. കൺ മുന്നിൽ പടക്കനിർമാണശാലകൾ കത്തിയെരിയുന്ന കാഴ്ച. അതിനകത്ത് നിന്നുള്ള നിലവിളികൾ ഇന്നും കാതുകളിൽ നിന്ന് മാഞ്ഞിട്ടില്ല.
നാലുമാസങ്ങൾക്കുശേഷം പുളിങ്കുന്നും പരിസരവും വീണ്ടും അതേ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. ചൊവ്വാഴ്ചയാണ് അവശേഷിച്ച സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കിയത്. ഒറ്റ ദിവസം 190 കിലോ സ്‌ഫോടക വസ്തുക്കളാണ് പുളിങ്കുന്ന് കണ്ണാടിയിലും വെളിയനാട് പഞ്ചായത്തിന്റെ അതിർത്തിയിലുമായി നിർവീര്യമാക്കിയത്. പറമ്പിൽ ജെ.സി.ബി. ഉപയോഗിച്ച വലിയ കുഴികളെടുത്തശേഷം പടക്കങ്ങളും മറ്റും അതിലേക്ക് നിക്ഷേപിക്കുകയായിരുന്നു. രാവിലെ 7.30 ഓടെയാണ് നടപടികൾ ആരംഭിച്ചത്. ഇടയ്ക്ക് പെയ്ത മഴ ആശങ്ക സൃഷ്ടിച്ചെങ്കിലും ആദ്യ ദിവസത്തെ നടപടികൾ ഉച്ചയ്ക്ക് 12.30 ഓടെ പൂർത്തിയാക്കി.
ആദ്യദിനം പ്രധാനമായും ഓലപ്പടക്കങ്ങളാണ് നിർവീര്യമാക്കിയത്. ശനിയാഴ്ചയ്ക്കകം പിടിച്ചെടുത്ത മുഴുവൻ വസ്തുക്കളും നിർവീര്യമാക്കും. ബോംബ് സ്‌ക്വാഡ് എസ്.ഐ. മൈക്കിൾ, പുളിങ്കുന്ന് സി.ഐ. എം.എം. ഇഗ്നേഷ്യസ്, എസ്.ഐ. സി. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ മാർച്ച് 20-ന് പുളിങ്കുന്നിലെ പടക്ക നിർമാണശാലകളിലുണ്ടായ തീപ്പിടിത്തത്തിലും പൊട്ടിത്തെറിയിലുമായി സ്ത്രീകളടക്കം തൊഴിലാളികളായ ഏഴുപേരാണ് മരിച്ചത്. സംഭവത്തിനുശേഷം പോലീസ് നടത്തിയ തിരച്ചിലിൽ ഉടമയുടെ വീട്ടിലെ രഹസ്യ അറകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്നുകളും പടക്കങ്ങളും പിടിച്ചെടുത്തിരുന്നു. ലൈസൻസില്ലാതെയാണ് നിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
പിടിച്ചെടുത്ത വസ്തുക്കൾ പിന്നീട് പുളിങ്കിന്നിലെ പഴയ സി.ഐ. ഓഫീസിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു. പടക്കങ്ങൾ ഉൾപ്പെടെയുള്ളവ ഓഫീസിന്റെ മുൻവശത്തും വെടിമരുന്നുകൾ ഓഫീസിനകത്തുമായാണ് സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതിനെപ്പറ്റി മാതൃഭൂമി ജൂൺ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു.
കിലോക്കണക്കിന് വെടിമരുന്നിന് പുറമേ ഓലപ്പടക്കം, ചൈനീസ് പടക്കം, ഗുണ്ട്, പൂക്കുത്തി, കമ്പിത്തിരി എന്നിവയാണ് സൂക്ഷിച്ചിരുന്നത്.