മങ്കൊമ്പ് : കോവിഡ് പരിശോധനാഫലം വൈകുന്നത് കുട്ടനാട്ടിലെ കണ്ടെയ്ൻമെന്റ് സോണുകളിലെ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. പുളിങ്കുന്ന് പഞ്ചായത്ത് പൂർണമായും രാമങ്കരി പഞ്ചായത്ത് ഒൻപതാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളത്. പുളിങ്കുന്നിൽ നിലവിൽ അഞ്ച് കോവിഡ് പോസിറ്റീവ് കേസുകളാണുള്ളത്. ഇതിൽ അഞ്ചാംവാർഡിലെ വ്യക്തിക്ക് മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച പുളിങ്കുന്ന് പഞ്ചായത്തിൽ പോസിറ്റീവ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം സംശയിക്കുന്ന 60 പേരെ റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കി. കണ്ണാടി മാരാട്, മങ്കൊമ്പ് വാർഡുകളിലെ പോസിറ്റീവ് കേസുകളിൽ സമ്പർക്കസാധ്യത ആരോഗ്യവിഭാഗവും തള്ളിക്കളയുന്നില്ല. ഇവിടങ്ങളിൽ പോസിറ്റീവായവരുടെ അടുത്ത ബന്ധുക്കളുടെ ഫലങ്ങൾ ഒരാഴ്ച പിന്നിട്ടിട്ടും ലഭ്യമായിട്ടില്ല. ഫലം വൈകുന്നത് പ്രദേശത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനുപുറമെ നവമാധ്യമങ്ങൾവഴി തെറ്റായ വാർത്തകളും പ്രചരിക്കുന്നുണ്ട്. പുളിങ്കുന്നിനുപുറമെ സമീപമുള്ള രണ്ട് പഞ്ചായ ത്തുകളിലെ ഒന്നുവീതം വാർഡുകളിലും സമ്പർക്കസാധ്യത നിലനിൽക്കുന്നുണ്ട്.
30-ാം ദിവസം പോസിറ്റീവായി
കൈനകരി : വിദേശത്ത് നിന്നെത്തി വീട്ടിൽ 28 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയ വ്യക്തിക്ക് 30-ാം ദിവസം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കൈനകരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസമാണ് ഫലംവന്നത്. പേസിറ്റീവായ വ്യക്തി ക്വാറന്റീന് ശേഷം പുറത്തിറങ്ങിയതായി സൂചനയുണ്ട്.