മങ്കൊമ്പ് : പ്രദേശത്ത് ആകെയുള്ളത് 15 വീട്ടുകാർ. ഇവർക്കുവേണ്ടത് ഒരു കിലോമീറ്റർ ദൂരത്തിൽ ഒരു റോഡ്. പാടശേഖരത്ത് കൃഷിയില്ലെങ്കിൽ നടത്തം മുട്ടോളം വെള്ളത്തിൽ. കൃഷിയുണ്ടെങ്കിൽ ചേറിൽ ചവിട്ടി മുന്നോട്ടുനീങ്ങണം. പാടശേഖരത്തിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് പ്രദേശവാസികൾ പ്രധാന റോഡിലെത്തുന്നത്.
വർഷങ്ങളായി നിവേദനം നൽകി കാത്തിരുന്നിട്ടും റോഡ് എന്നത് പ്രദേശവാസികൾക്ക് ഒരു സ്വപ്‌നമായി തുടരുകയാണ്. ചമ്പക്കുളം പഞ്ചായത്ത് 12-ാം വാർഡ് അമിച്ചക്കരിയിലെ കൊക്കണം പാടശേഖരത്തിനുള്ളിലെ കുടുംബങ്ങളാണ് വഴിയില്ലാതെ ദുരിതത്തിലായിരിക്കുന്നത്. പ്രധാന റോഡിൽനിന്ന് അര കിലോമീറ്റർ ദൂരം ടാറിങ് നടത്തിയിട്ടുണ്ട്. അത് കഴിഞ്ഞുള്ള ഭാഗത്താണ് ദുരിതത്തിലായ 15 കുടുംബങ്ങൾ കഴിയുന്നത്. അവിടെയാണ് ഇനി റോഡ് വരേണ്ടത്.
കുട്ടികളും പ്രായമായവരുംദുരിതത്തിൽ
പ്രദേശത്ത് 11 വിദ്യാർഥികളാണ് സ്‌കൂൾ വിദ്യാഭ്യാസം നടത്തുന്നത്. കാലവർഷത്തിൽ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് കുട്ടികൾ സ്‌കൂളിലേക്ക് നടക്കുന്നത്. പാടശേഖരം കടന്നെത്തുമ്പോൾ ഇട്ടിരുന്ന വസ്ത്രം ഊരി മാറ്റി സമീപത്ത് ഉണക്കാനിട്ട ശേഷം യൂണിഫോമിട്ട് സ്‌കൂളിലേക്ക് പോകേണ്ട ഗതികേടിലാണ്. ഇതിനുപുറമെ രോഗികളെയും മുതിർന്നവരെയും ഏറെ ബുദ്ധിമുട്ടിയാണ് ചികിത്സയ്ക്കുംമറ്റും കൊണ്ടുപോകുന്നത്. ഈയടുത്ത് 85 വയസ്സുകാരനെ തോളിലേറ്റിയാണ് പ്രധാന റോഡ് വരെ എത്തിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.
കാലവർഷം ശക്തമായാൽ കുട്ടികളെ തനിച്ച് സ്‌കൂളിലേക്ക് അയയ്ക്കുന്നതിൽ മാതാപിതാക്കൾക്കും ആശങ്കയുണ്ട്. പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.