മങ്കൊമ്പ് : പാലം ഉദ്ഘാടനം കഴിഞ്ഞ് കൃത്യം അര മണിക്കൂർ പിന്നിടുന്നു. മങ്കൊമ്പിൽനിന്ന് കാവാലം ബോർഡുമായി കെ.എസ്.ആർ.ടി.സി. ബസ് തയ്യാർ. ആളുകൾ കയറിയിരുന്നതോടെ അഞ്ചുമിനിറ്റിൽ ഡബിൾ ബെല്ലടിച്ച് വണ്ടി മെല്ലെ മുന്നോട്ട്. മങ്കൊമ്പ് പാലമിറങ്ങിയതോടെ ആ യാത്ര നാടിന്റെ സ്വപ്നസാക്ഷാത്കാരമായി മാറി.
ആദ്യയാത്രയ്ക്ക് സാക്ഷിയാക്കാൻ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നൂറോളംപേർ മങ്കൊമ്പിലെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മന്ത്രി ജി.സുധാകരനാണ് മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം നാടിനായി തുറന്നു കൊടുത്തത്. 2014 ഫെബ്രുവരിയിലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്.
അന്ന് ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണിയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു തുടക്കത്തിലെ പ്രഖ്യാപനം. എന്നാൽ, പാലത്തിന്റെ വടക്കേക്കരയിൽ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ പണികൾ മന്ദഗതിയിലായി.
പിന്നീടുവന്ന എൽ.ഡി.എഫ്. സർക്കാർ പ്രവർത്തികൾ വീണ്ടും ഊർജിതപ്പെടുത്തി. 28.50 കോടി രൂപയുടെ ഭരണാനുമതി നേടി. 177.10 മീറ്റർ നീളമുള്ള പാലത്തിനായി വടക്കേക്കരയിൽ 100 മീറ്റർ നീളത്തിലും തെക്കേക്കരയിൽ 136 മീറ്റർ നീളത്തിലും അപ്രോച്ച് റോഡും പൂർത്തിയാക്കി. മങ്കൊമ്പിന് പുറമേ കാവാലത്തുകൂടി പാലമെത്തിയാൽ കോട്ടയത്തേക്കുള്ള ബൈപ്പാസ് കൂടി കുട്ടനാട്ടിന് യാഥാർഥ്യമാക്കാം.
ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. അധ്യക്ഷനായി. കളക്ടർ എ.അലക്‌സാണ്ടർ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.കെ. അശോകൻ, ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലൈലാരാജു, ബിജു പാലത്തിങ്കൽ, പഞ്ചായത്തുപ്രസിഡന്റുമാരായ ജോർജ് മാത്യു പഞ്ഞിമരം, ബെന്നിച്ചൻ മണ്ണങ്കരത്തറ, ബ്രിഡ്‌ജസ് വിഭാഗം ചീഫ് എൻജിനീയർ എസ്. മനോമോഹൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജി. ഉണ്ണിക്കൃഷ്ണൻ, കെ. ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
കാവാലം പാലത്തിന് നടപടി വേഗത്തിലാക്കും - ജി. സുധാകരൻ
മങ്കൊമ്പ് : കാവാലം തട്ടാശ്ശേരി പാലത്തിന്റെ നിർമാണ നടപടികളും കിടങ്ങറ കെ.സി. പാലത്തിന്റെയും പുനർനിർമാണവും വേഗത്തിലാക്കുമെന്ന് മന്ത്രി ജി.സുധാകരൻ. മങ്കൊമ്പ് പാലത്തിന്റെ വടക്കേക്കരയിൽനിന്നും പൊട്ടുമുപ്പതുജങ്ഷൻ വരെയുള്ള റോഡ് വീതി കൂട്ടി ഉയർത്തി നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.