മങ്കൊമ്പ് : ആലപ്പുഴയ്ക്കും ചങ്ങനാശ്ശേരിയിലേക്കുമുള്ള യാത്രകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും സൗകര്യമൊരുക്കി ഫ്ളൈ ഓവറുകൾ വരുന്നു. കഴിഞ്ഞദിവസം കേരള പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ-ചങ്ങനാശ്ശേരി സംസ്ഥാന പാതയിലെ (എ.സി. റോഡ്) ഫ്ളൈ ഓവർ പദ്ധതിക്ക് അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
624.48 കോടിയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ഫ്ളൈ ഓവറിനൊപ്പം എ.സി. റോഡ് നവീകരണത്തിനുള്ള സംവിധാനങ്ങളും പദ്ധതിയിലുണ്ട്. ഒരു കോടിക്കടുത്ത് രൂപ ചെലവഴിച്ചാണ് മണ്ണ് പരിശോധന, ട്രാഫിക്ക് സർവേ, മറ്റ് പരിസ്ഥിതി ആഘാത പഠനങ്ങളും എന്നിവ നടത്തിയത്. 24.150 കിലോമീറ്ററുള്ള എ.സി. റോഡ് കഴിഞ്ഞ പ്രളയത്തിലും 2019-ലെ വെള്ളപ്പൊക്കത്തിലും മുങ്ങിയിരുന്നു. ഒന്നരമാസത്തോളം ഗതാഗതം മുടങ്ങി. തുടർന്നാണ് ഫ്ളൈ ഓവർ എന്ന ആശയത്തിലേക്ക് സർക്കാർ നീങ്ങിയത്.
നിലവിൽ പദ്ധതിക്ക് അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷൻ (എ.എസ്.) കിട്ടിയിട്ടുണ്ട്. ഇനി ടെക്‌നിക്കൽ സാങ്ഷൻ കൂടി കിട്ടുന്ന മുറയ്ക്ക് പദ്ധതിയുടെ ടെണ്ടർ നടപടികളിലേക്ക് കടക്കും.
പണികൾ ആരംഭിച്ചാൽ കുറഞ്ഞത് രണ്ടുവർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതീക്ഷ.