മങ്കൊമ്പ് : ജലഅതോറിറ്റിയുടെ ബില്ലിനെതിരേ പഞ്ചായത്തിന്റെ പരാതി. ജലഅതോറിറ്റി മാർച്ച് 17-ന് നടത്താനിരിക്കുന്ന റവന്യൂഅദാലത്ത് മുമ്പാകെ ചമ്പക്കുളം പഞ്ചായത്താണ് പരാതി നൽകിയിരിക്കുന്നത്. കുട്ടനാട്ടിലെ പഞ്ചായത്തുകളിൽ പരിമിതമായ അളവിൽ മാത്രമാണ് കുടിവെള്ള വിതരണം നടക്കുന്നത്. ഈ സാഹചര്യത്തിൽ മുൻ അദാലത്ത് തീരുമാനപ്രകാരം ഉപഭോക്താക്കൾക്ക് ശരാശരി 42 രൂപയാണ് പ്രതിമാസം വെള്ളക്കരം നിശ്ചയിച്ചിരുന്നത്.
കൂടാതെ അടിക്കടി ഉണ്ടായ വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും പലപ്പോഴും ജലവിതരണം തകരാറിലാകുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു. എന്നാൽ, മുൻതീരുമാനവും ഈ സാഹചര്യങ്ങളും കണക്കിലെടുക്കാതെ കംപ്യൂട്ടറൈസ്ഡ് ബില്ലിങ് ആരംഭിച്ചതോടെ ഭാരിച്ചതുക കുടിശ്ശിക വരുത്തിയതായി കാണിച്ച് കുട്ടനാട്ടിൽ ജലഅതോറിറ്റി അമിതബില്ല് നൽകി വരികയാണ്. മുൻകൂർ വെള്ളക്കരം ഒടുക്കിയവർക്ക് പോലും വീണ്ടും ഈ നിലയിൽ ബില്ല് നൽകുന്നു.
ഈ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അദാലത്തിൽ പരാതി നൽകുന്നത്. 17-ന് തിരുവല്ല ജലഅതോറിറ്റി ഓഫീസിൽ നടക്കുന്ന അദാലത്തിലേക്ക് 10 വരെ പരാതികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. താലൂക്കിലുള്ളവർ എടത്വാ ജലഅതോറിറ്റി ഓഫീസിലാണ് പരാതി നൽകേണ്ടത്.