മങ്കൊമ്പ്: കൊയ്ത്തിനുശേഷം പാടശേഖരത്ത് സൂക്ഷിച്ചിരുന്ന നെല്ല് മോഷണം പോയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി എടത്വാ പോലീസ്. 10 ദിവസം മുൻപാണ് എടത്വാ കൃഷിഭവൻ പരിധിയിലെ ചുങ്കം പാടശേഖരത്തുനിന്ന്‌ 60 ക്വിന്റൽ നെല്ല് നഷ്ടമായത്. മൂന്നേമുക്കാൽ ഏക്കറിലെ വിളവെടുപ്പിൽ കിട്ടിയ നെല്ലാണ് മോഷണം പോയത്. നെല്ല് ചാക്കിൽ നിറച്ചാണ് മോഷ്ടാക്കൾ കടത്തിയതെന്നാണ് പോലീസ് നൽകുന്ന സൂചന.

സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചഭാഗങ്ങളിൽ പോലും റോഡിലെ വഴിവിളക്കിന്റെ അഭാവം തിരിച്ചടിയായതായി ഉദ്യോഗസ്ഥർ പറയുന്നു. രണ്ടാം കൃഷിക്കിടെ മഴയെ അവഗണിച്ച് കൊയ്ത്ത് പൂർത്തിയാക്കിയിട്ടും വിളനഷ്ടമായത് കർഷകരെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. സംഭവത്തിൽ കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിനും പരാതി നൽകി. കർഷകത്തൊഴിലാളികൾ 11-ന് എടത്വാ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.