മങ്കൊമ്പ്: വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടിയവർക്ക് ആശ്വാസമായി കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു. വെള്ളം കയറിയതിനെത്തുടർന്ന് ഭൂരിഭാഗം വീടുകളിലെയും കക്കൂസുകൾ ഉപയോഗശൂന്യമായതോടെയാണ് ജില്ലാ ഭരണകൂടം ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്.

സംസ്ഥാന ശുചിത്വമിഷൻ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമുള്ള 85 പോർട്ടബിൾ ബയോ- കെമിക്കൽ ടോയ്‌ലറ്റുകളാണ് കൈനകരി, പുളിങ്കുന്ന് തുടങ്ങിയ 40 സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഏറ്റുമാനൂർ സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന റീലീഫ് സാനിറ്റേഷൻ നിർമിക്കുന്ന ബയോ ടോയ്‌ലറ്റുകളാണ് ദുരിതമേഖലയിൽ സ്ഥാപിച്ചിട്ടുള്ളത്.

രോഗാണുക്കളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബയോ ടോയ്‌ലറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് റീലീഫ് സാനിറ്റേഷൻ സൊല്യൂഷൻസ് സി.ഇ.ഒ. ശംഭുനാഥ് ശശികുമാർ പറഞ്ഞു. കക്കൂസ് മാലിന്യം സമയാസമയങ്ങളിൽ അത്യാധുനിക ടാങ്കറുകൾ ഉപയോഗിച്ച് സംസ്‌കരണ പ്ലാന്റുകളിലെത്തിച്ച് സംസ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.