മങ്കൊമ്പ്: ഇന്ത്യ-യു.എസ്. സംഗമവേദിയായ ഹൗഡി-മോദി ഉണർന്നത് കുട്ടനാട്ടിന്റെ മരുമകളുടെ ഗാനാലാപനത്തിലൂടെ. മങ്കൊമ്പ് ചെറിയമഠത്തിൽ വിവേകിന്റെ ഭാര്യ ശ്രദ്ധയാണ് ഹൂസ്റ്റണിലെ സംഗമത്തിൽ സ്വാഗതഗാനം ആലപിച്ചത്. പ്രധാനമന്ത്രി മോദി വേദിയിലേക്ക് കടന്നുവരുമ്പോൾ ’വി ആർ പ്രൗഡ് ഓഫ് യു’ എന്ന ഇംഗ്ലീഷും ഹിന്ദിയും ചേർന്നുള്ള ഗാനമാണ് പാടിയത്.

യു.എസിലെ. കർണാടക സംഗീതജ്ഞരുടെ കൂട്ടായ്മയായ ’ഇന്ത്യൻ രാഗ’യിലെ അംഗമാണ് ശ്രദ്ധ. ഇതിലെ പ്രധാനഗായികയായിരുന്നു. ഹൂസ്റ്റണിലെ പരിപാടിക്കായി പ്രത്യേകം നടത്തിയ മത്സരത്തിലൂടെയാണ് ശ്രദ്ധയെ തിരഞ്ഞെടുത്തത്. ചെന്നൈ കലാക്ഷേത്രയിലെ പ്രിൻസിപ്പലായിരുന്ന അമ്മ മാലസ്വാമിയുടെ ശിക്ഷണത്തിലാണ് സംഗീതത്തിന്റെ ലോകത്തിലേക്ക് ശ്രദ്ധയെത്തുന്നത്. മദ്രാസ് മ്യൂസിക്കൽ അക്കാദമിയുടെ എം.എസ്. സുബ്ബലക്ഷ്മി അവാർഡ് ജേതാവാണ്.

ചെന്നൈ സ്വദേശിയായ ശ്രദ്ധ വിവാഹശേഷമാണ് ഭർത്താവായ വിവേകുമൊത്ത് യു.എസിലെത്തുന്നത്. മങ്കൊമ്പിലെ തമിഴ് ബ്രാഹ്മണകുടുംബത്തിലെ അംഗമായ വിവേക് യു.എസിൽ കെമിക്കൽ എൻജിനീയറായി ജോലിചെയ്യുന്നു.