മായിത്തറ: എല്ലാ ജീവജാലങ്ങൾക്കും മനസ്സിലാകുന്ന ഒരു ഭാഷയുണ്ട്, എല്ലാ വേദനകളും ശമിപ്പിക്കുന്ന ഒരു ഔഷധം. ആ രഹസ്യ ഔഷധം തന്നെയാണ് അലക്സ് പോൾ മായിത്തറ സർക്കാർ വൃദ്ധസദനത്തിലെ 28 അന്തേവാസികളിലേക്ക് പകർന്നത്. സംഗീതത്തിന്റെ രഹസ്യം, ‘സീക്രട്ട് ഓഫ് മ്യൂസിക് ’.

സംഗീതസംവിധായകൻ അലക്സ് പോളിന്റെ സീക്രട്ട് ഓഫ് മ്യൂസിക് ട്രസ്റ്റും സാമൂഹികനീതിവകുപ്പും ചേർന്ന് നടത്തിവരുന്ന മൈൻഡ്‌ റിഫ്രഷ്‌മെൻറ് മ്യൂസിക് തെറാപ്പിയാണ് ബുധനാഴ്ച വൃദ്ധസദനത്തിൽ നടന്നത്.

കേട്ട പാട്ടിനൊപ്പം താളംപിടിച്ചപ്പോൾ വേദനകളും ശാരീരിക ആസ്വാസ്ഥ്യങ്ങളും ദുഃഖവുമൊക്കെ അവർ മറന്നു. തമാശപൊട്ടിച്ചും കളിച്ചും ചിരിച്ചുമൊക്കെ മുഹമ്മ ഗവ. എച്ച്.എസ്.എസിലെ കുട്ടികളും ഒപ്പം കൂടിയപ്പോൾ വൃദ്ധർക്കും ചെറുപ്പമായി.

മാനസിക പിരിമുറുക്കങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുകയും ശുദ്ധസംഗീതത്തിലൂടെ ലോകസമാധാനം വീണ്ടെടുക്കുകയുമാണ് ട്രസ്റ്റിന്റെ ലക്ഷ്യമെന്ന് അലക്സ് പോൾ പറഞ്ഞു.

‘സംഗീതം എന്നത് വെറും സ്വരങ്ങൾ മാത്രമല്ല. താളഗീതനൃത്തങ്ങളുടെ ഒത്തുചേരലാണ്. കേൾക്കാൻ മാത്രമല്ല, ആത്മാവിൽ ആവാഹിക്കാനും അനുഭവിക്കാനും കഴിയുന്ന ഒന്നാണത്. ശരീരത്തിലെ ഒാരോ കണങ്ങളിലും സംഗീതമടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ശരീരകോശങ്ങളെ ഉത്തേജിപ്പിക്കാനുള്ള കഴിവ് സംഗീതത്തിനുണ്ട്.’- മ്യൂസിക് ടെക്നോളജി എന്ന സാങ്കേതികവിദ്യയ്ക്ക് തുടക്കംകുറിക്കുകയും സംഗീതത്തിന്റെ ശമനശക്തിയെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന അലക്സ് പോൾ പറയുന്നു.

നവംബർ ഒന്നിന് തിരുവനന്തപുരത്ത് ആരംഭിച്ച മ്യൂസിക് തെറാപ്പി കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇതിനോടകം നടന്നുകഴിഞ്ഞു. അഞ്ചുഘട്ടങ്ങളായി തിരിച്ച പരിപാടി തുടർന്നുള്ള മാസങ്ങളിൽ എല്ലാ ‍ജില്ലകളിലും ആവർത്തിക്കും. മാർച്ചിൽ പര്യവസാനിക്കും. 16-ന് കാസർകോട് ആദ്യഘട്ട തെറാപ്പി സമാപിക്കും.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരുപാടുപേർക്ക് സാന്ത്വനമേകാൻ സീക്രട്ട് ഒാഫ് മ്യൂസിക് ട്രസ്റ്റിന്‌ കഴിഞ്ഞിട്ടുണ്ട്. 25 വർഷത്തെ നഴ്സിങ് സേവനം ഉപേക്ഷിച്ച്‌ ട്രസ്റ്റിൽ ചേർന്ന ലെൻസി സജി, ഗോപീകൃഷ്ണൻ, സാം എന്നിവരും അദ്ദേഹത്തോടൊപ്പം ട്രസ്റ്റിൽ പ്രവർത്തിക്കുന്നുണ്ട്.

സീക്രട്ട് ഓഫ് മ്യൂസിക് തെറാപ്പിയുടെ മായിത്തറ സർക്കാർ വൃദ്ധസദനത്തിലെ പരിപാടി ജില്ലാ സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥൻ സാബു ജോസഫ് ഉദ്ഘാടനം ചെയ്തു. വൃദ്ധസദനം സൂപ്രണ്ട് വിൽസിങ്‌ ആൽബർട്ട്, ഹോപ്പ് കമ്യൂണിറ്റി വില്ലേജ് ഡയറക്ടർ ശാന്തിരാജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.