ആലപ്പുഴ: പാതിരപ്പള്ളി, പൂങ്കാവ്, തുമ്പോളി, ചെട്ടികാട്, ഓമനപ്പുഴ... ഈ പ്രദേശങ്ങൾക്ക് ഈ പേരുകൾ വന്നതെങ്ങനെ? ഇവിടുത്തെ പഴമക്കാരുടെ തൊഴിലും ആഹാരരീതിയും വസ്ത്രവും പാർപ്പിടവുമൊക്കെ എങ്ങനെയായിരുന്നു? വൈദ്യുതി, റേഡിയോ, ടെലിഫോൺ, ടെലിവിഷൻ എന്നിവയൊക്കെ ഈ ഗ്രാമത്തിലേയ്ക്ക് കടന്നു വന്നതെപ്പോൾ? നാട്ടിലെ ആദ്യത്തെ പള്ളിക്കുടം, വായനശാല, റോഡ്, സർക്കാർ ഓഫീസ്, ആശുപത്രി ഇതൊക്കെ എവിടെയൊക്കെയായിരുന്നു?

കേരളത്തിനു തന്നെ മാതൃകയാകുന്ന ജനകീയ ചരിത്ര രചനയ്ക്ക് ഒരുങ്ങുകയാണ് സി.ജി ഫ്രാൻസീസ് സ്മാരക ട്രസ്റ്റ് സ്നേഹജാലകം.

തങ്ങൾ ജീവിക്കുന്ന നാടിന്റെ ഇന്നലകളെക്കുറിച്ചും എങ്ങനെ ഈ നാട് ഇങ്ങനെയായി എന്നതിനെക്കുറിച്ചും ആഴത്തിൽ അന്വേഷിക്കുവാനാണിത്. ചരിത്ര ഗവേഷകരോ അക്കാദമിസ്റ്റുകളോ അല്ല, ജനങ്ങൾ തന്നെയാണ് ചരിത്രരചന നടത്തുന്നത്. പ്രദേശത്തെ പത്തു വാർഡുകളിലായി അയ്യായിരം കുടുബങ്ങളുടെ പങ്കാളിത്തത്തോടെ പ്രദേശിക ചരിത്രരചന നടത്തി ഡിസംബറിൽ രേഖ പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനായി കെ.എൻ. പ്രേമാനന്ദൻ ചെയർമാനും വി.കെ.സാനു ജനറൽ കൺവീനറുമായി ഇരുന്നൂറ്റി അമ്പത് പേരടങ്ങുന്ന ജനറൽ കമ്മിറ്റിയും ഇരുപത്തിയഞ്ച് സബ് കമ്മിറ്റികളെയും ചുമതലക്കാരെയും ശില്പശാലയിൽ വെച്ച് തെരഞ്ഞെടുത്തു

പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള പ്രാദേശിക ചരിത്രരചന ശില്പശാല പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചരിത്രകാരൻ ഡോ. അജു കെ. നാരായൺ ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.സ്നേഹജൻ അധ്യക്ഷത വഹിച്ചു.

ഡോ. എം.പി.പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. സ്നേഹജാലകം പ്രസിഡന്റ് ജയൻ തോമസ്, സെക്രട്ടറി സജിത്ത് രാജ്, കെ.എൻ.പ്രേമാനന്ദൻ, ജെ.ആർ. പറത്തറ, കെ.സദാശിവൻ, ഷാജുആന്റണി എന്നിവർ പ്രസംഗിച്ചു.

Content Highlights: History, Alappuzha