ചെങ്ങന്നൂർ: അന്തരിച്ച എം.എൽ.എ. കെ.കെ. രാമചന്ദ്രൻനായരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് എൽ.ഡി.എഫ്. സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ പര്യടനം ചെങ്ങന്നൂരിൽ തുടങ്ങി. രാമചന്ദ്രൻ നായരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തിരുവൻവണ്ടൂർ നന്നാട് ചെല്ലപുഞ്ചയിൽ കോളനി, ആല, ചെറിയനാട് വെൺമണി, മുളക്കുഴ, തിരുവൻവണ്ടൂർ, പാണ്ടനാട്, മാന്നാർ, തൃപ്പെരുംതുറ, ചെന്നിത്തല, എണ്ണക്കാട്, ബുധനൂർ മേഖലകളിൽ എൽ.ഡി.എഫ്. പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകി.

കൊല്ലകടവ് സി.എസ്.ഐ. പള്ളി, കടയിക്കാട് എസ്.എൻ.ഡി.പി. ശാഖാമന്ദിരം, പ്രഭുറാം മിൽ, മുളക്കുഴ മുസ്‌ലിം ജമാഅത്ത് എന്നിവിടങ്ങൾ സന്ദർശിച്ചു. എൽ.ഡി.എഫ്. കൺവെൻഷനുകളിലും അദ്ദേഹം പങ്കെടുത്തു.

എൽ.ഡി.എഫ്. നേതാക്കളായ കെ.എസ്. രവി, പി.എം. തോമസ്, കെ.ഡി. രാധാകൃഷ്ണക്കുറുപ്പ്, ടി.കെ. സോമൻ, എം.ശശികുമാർ, മുരളീധരൻപിള്ള, പി. ഉണ്ണിക്കൃഷ്ണൻ നായർ, ഷീദ് മുഹമ്മദ്, സലിം റാവുത്തർ, പി.ആർ. രമേഷ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

എൽ.ഡി.എഫ്. മാവേലിക്കര ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച 2 -ന് ചെങ്ങന്നൂരിൽ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. സജിചെറിയാൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനാകും. ചെങ്ങന്നൂർ നഗരത്തിൽ സെയ്‌ന്റ് തോമസ് കത്തോലിക്കാ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക.

Content Highlights; Ldf candidate chittayam gopakumar