കുത്തിയതോട്: സാമൂഹിക വിരുദ്ധരുടെ കടന്നുകയറ്റം ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ കോടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ആശുപത്രി കോമ്പൗണ്ടിൽ രാത്രി കാലങ്ങളിൽ അതിക്രമിച്ചു കടക്കുന്നവർ കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതും മദ്യക്കുപ്പികളും മറ്റും പൊട്ടിച്ചിടുന്നതും പതിവായിരുന്നു. ഇതൊഴിവാക്കാൻ പോലീസും പഞ്ചായത്തും ആശുപത്രി അധികൃതരും നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. അങ്ങനെയാണ് ആശുപത്രിയുടെ പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരുമ, നിള, കിസാൻ, ധനശ്രീ, സർഗം എന്നീ പുരുഷ സ്വാശ്രയസംഘങ്ങളുടെ സഹായത്താൽ അഞ്ചുക്യാമറകൾ സ്ഥാപിച്ചത്. പഞ്ചായത്തംഗം പി.ജി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത് മോനായ്, ബേബി ടീച്ചർ, അംബിക ബാബു തുടങ്ങിയവർ പങ്കെടുത്തു.