കുട്ടനാട് : തദ്ദേശതിരഞ്ഞെടുപ്പിൽ മികച്ചനേട്ടം പ്രതീക്ഷിക്കുന്ന എൻ.ഡി.എ.ക്ക് കുട്ടനാട്ടിൽ 36 സീറ്റുകളിൽ സ്ഥാനാർഥിയില്ല. ചമ്പക്കുളം ബ്ലോക്ക്‌ പഞ്ചായത്തിൽ ആകെയുള്ള 13 ഡിവിഷനുകളിൽ ഏഴിടത്തും വെളിയനാട് ബ്ലോക്കിൽ ഒരു ഡിവിഷനിലും സ്ഥാനാർഥികളില്ല. അവശേഷിക്കുന്ന 28 സീറ്റുകൾ 13 പഞ്ചായത്തുകളിലായാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്.

ജില്ലാ ജനറൽ സെക്രട്ടറി, നിയോജകമണ്ഡലം പ്രസിഡന്റ് എന്നിവരുടെ ബ്ലോക്കിലാണ് ഏഴുസീറ്റുകളിൽ മത്സരിക്കാൻ ആളില്ലാത്തത്.

ഇതിനുപുറമേ നിയോജകമണ്ഡലത്തിലെ ഒരു ജനറൽ സെക്രട്ടറിയുടെ പഞ്ചായത്തിൽ പകുതിയോളം സീറ്റിൽ സ്ഥാനാർഥിയില്ല. മറ്റൊരു ജനറൽ സെക്രട്ടറിയുടെ പഞ്ചായത്തിൽ നിലവിൽ എൻ.ഡി.എ. സംവിധാനത്തിൽ ജയിച്ച സീറ്റിൽ ഇത്തവണ ഒരു സ്ഥാനാർഥിയെ നിർത്താത്തത് ഏറെ ചർച്ചയായിട്ടുണ്ട്. ഇവിടെ ബി.ജെ.പി.- കോൺഗ്രസ് സഖ്യമാണെന്നാണ് സി.പി.എം. ആരോപിക്കുന്നത്. രാമങ്കരിയിൽ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രസിഡന്റ് സ്ഥാനത്തിന് സാധ്യതയുള്ളവർ മത്സരിക്കുന്ന രണ്ട് വാർഡുകളിൽ ബി.ജെ.പി.ക്ക് സ്ഥാനാർഥിയില്ല.

പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകേണ്ടവർ ബ്ലോക്ക്, പഞ്ചായത്ത് സീറ്റുകളിൽ മത്സരിക്കാനിറങ്ങിയതോടെ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ ആളില്ലാതായി എന്നാണ് പാർട്ടിക്കുള്ളിൽനിന്നുലഭിക്കുന്ന സൂചന. ബി.ഡി.ജെ.എസ്. നേതൃത്വം പരസ്യപ്രതികരണവുമായി രംഗത്തുവരുന്നില്ലെങ്കിലും ബി.ജെ.പി.യുടെ സമീപനത്തിൽ അവരും തൃപ്തരല്ല.

പുളിങ്കുന്നിൽ മുൻവർഷങ്ങളിൽ ബി.ജെ.പി. ജയിച്ച വാർഡിൽ മുതിർന്ന ബി.ജെ.പി. നേതാവും നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ ആളാണ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ മത്സരിക്കുന്നത്. ഇവിടെ വാർഡുതല കമ്മിറ്റി കൂടാതെ സ്ഥാനാർഥിയെ തിരഞ്ഞെടുത്തതായി ആക്ഷേപമുണ്ട്. വിമതനായി മത്സരിക്കുന്നയാൾ കഴിഞ്ഞമാസം ജില്ലാ പ്രസിഡന്റിന് വിശദമായ കത്തുനൽകിയിയിരുന്നു.

കഴിഞ്ഞദിവസം വൈസ്‍പ്രസിഡന്റിനെ പാർട്ടിയിൽനിന്ന്‌ പുറത്താക്കിയതായികാട്ടി പഞ്ചായത്ത് കമ്മിറ്റി നോട്ടീസിറക്കി. എന്നാൽ, പ്രധാന ചുമതലവഹിക്കുന്നയാളെ സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെ പുറത്താക്കാനാകില്ലെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. മറ്റൊരു വാർഡിലും വാർഡുതല കമ്മിറ്റി തീരുമാനിച്ച ആളെ അവസാനനിമിഷം മാറ്റിയിരുന്നു. ഇവിടെയും ആദ്യം സ്ഥാനാർഥിയാകാൻ തീരുമാനിച്ചയാൾ വിമതനായി മത്സരിക്കുന്നുണ്ട്.

ആർ.എസ്.എസിന്റെ സംയോജകമാൻമാർ രംഗത്തുണ്ടെങ്കിലും പഞ്ചായത്തുതലത്തിൽപ്പോലും ബി.ജെ.പി.യുടെ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻപിടിക്കാൻ ആളില്ലാത്ത അവസ്ഥയാണെന്ന് പാർട്ടിക്കുള്ളിൽത്തന്നെ ആക്ഷേപമുണ്ട്. നേരത്തെ നടന്ന നിയോജകമണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമുതൽ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർന്നിരുന്നു.