കറ്റാനം: കട്ടച്ചിറയില്‍ പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് ഉപവാസസമരം നടത്തിവന്ന വൈദികന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വിശ്വാസ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഡീക്കന്‍ തോമസ്‌ ൈകയത്രയാണ് അഞ്ചുദിവസമായി ഉപവാസസമരം നടത്തിവന്നത്.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ആര്‍.ഡി.ഒ. യുടെ സാന്നിധ്യത്തിലാണ് വൈദികനെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലും അദ്ദേഹം ഉപവാസ സമരം തുടരുകയാണ്. അതേസമയം പള്ളിയുടെ കുരിശടിക്ക് മുന്നില്‍ ഇടവക വികാരി ഫാ.റോയി ജോര്‍ജ് നിരാഹാര സമരം തുടങ്ങി.

സെമിത്തേരിയില്‍ പ്രാര്‍ഥനയ്ക്കെത്തിയ ഇടവക അംഗങ്ങളെ ഓര്‍ത്തഡോക്സ് വിഭാഗം തടഞ്ഞതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ഡീക്കണ്‍ തോമസ്‌ ൈകയത്ര ഉപവാസം തുടങ്ങിയത്. പള്ളിക്ക് മുന്നില്‍ തുടങ്ങിയ സമരം പിന്നീട് വിശ്വാസികള്‍ പ്രതിഷേധ പ്രാര്‍ഥനായജ്ഞം നടക്കുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ ഉപവാസ സമരം വീണ്ടും പള്ളിക്ക് മുന്നിലേക്ക് മാറ്റി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കട്ടച്ചിറയില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. നിരാഹാര സമരം നടത്തുന്ന വൈദികന് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിശ്വാസികളും പള്ളിക്ക് മുന്നിലുണ്ട്.

kattachira
കട്ടച്ചിറ പള്ളിക്കുമുന്നില്‍ ഇടവക വികാരി ഫാ.റോയി ജോര്‍ജ് നിരാഹാര സമരം നടത്തുന്നു

കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മോര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത, സമീപ പള്ളികളിലെ വൈദികര്‍ തുടങ്ങിയവര്‍ സമര സ്ഥലത്തുണ്ട്. പള്ളിയില്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ഇടവകക്കാരെ പ്രാര്‍ഥന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്ക് സമീപം വിശ്വാസികള്‍ പ്രതിഷേധ പ്രാര്‍ഥനായജഞം തുടങ്ങിയിരുന്നു. ഇത് 155 ദിവസം പിന്നിട്ടു.

ഇടവക വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിക്കാതെ ഏകപക്ഷീയമായി ഓര്‍ത്തഡോക്സ് വൈദികനെ മാത്രം പള്ളിയില്‍ പ്രവേശിപ്പിക്കുന്നത് വരും ദിവസങ്ങളില്‍ തടയുമെന്ന് യാക്കോബായ വിഭാഗം പറഞ്ഞു.