കരുവാറ്റ : വ്യാജവാറ്റിനെതിരേ പ്രതികരിച്ചതിന് യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് കരുവാറ്റ മണ്ഡലം സെക്രട്ടറി പുതിയപറമ്പിൽ അഖിൽ ഷാജി (28)ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ആറ്റുതീരത്തുവെച്ചാണ് സംഭവം.
പാടശേഖരത്തേക്കുപോയ അഖിലിനെ തടഞ്ഞുനിർത്തി ആക്രമിച്ചതായാണ് പരാതി. കൈയ്ക്കും തോളിനും പരിക്കേറ്റ് ഹരിപ്പാട് ആശുപത്രിയിൽ ചികിത്സതേടി. ലോക്ഡൗൺ സമയത്ത് കരുവാറ്റ വടക്കൻ മേഖലകളിൽ വ്യാജവാറ്റ് നടക്കുന്നതിനെതിരേ അഖിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതാണ് വാറ്റുകാർ ആക്രമിക്കാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഹരിപ്പാട് പോലീസ് കേസെടുത്തു. അഖിൽ ഷാജിയെ മർദിച്ചവരെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ഡി.സി.സി. പ്രസിഡന്റ് എം.ലിജു, ജനറൽ സെക്രട്ടറി കെ.കെ.സുരേന്ദ്രനാഥ് എന്നിവർ ആവശ്യപ്പെട്ടു.