കരുവാറ്റ: നിർദിഷ്ട നെടുമുടി കരുവാറ്റ റോഡിൽ കോരംകുഴി തോട്ടിൽ പാലം നിർമിക്കുന്നതിനായി കണക്കെടുപ്പിനുള്ള അനുമതിയായി. തിരുവനന്തപുരത്ത് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ മനോഹരൻ, എക്സിക്യുട്ടീവ് എൻജിനീയർ അനിതാ മാത്യു തുടങ്ങിയവരും പങ്കെടുത്തു.
കുട്ടനാട്ടിലെ നെടുമുടിയിൽനിന്ന് ഹരിപ്പാട്ടെ കരുവാറ്റ വഴിയമ്പലത്തിൽ എത്തുന്നതാണ് നെടുമുടി-കരുവാറ്റ റോഡ്. 30 വർഷം മുൻപ് ആരംഭിച്ച പദ്ധതിയാണ്.
എന്നാൽ, റോഡിന്റെ ഭാഗമായുള്ള ലീഡിങ് ചാനലിലും കോരംകുഴി തോട്ടിലും പമ്പാനദിയിൽ പടഹാരത്തും പാലം നിർമിക്കണമായിരുന്നു.
ഇതിന് പദ്ധതിയില്ലാത്തതിനാൽ റോഡിന്റെ നിർമാണവും നീണ്ടു. ഇപ്പോൾ കുറിച്ചിക്കൽ കടവിലും പടഹാരത്തും പാലമായിട്ടുണ്ട്. കോരംകുഴിയിൽക്കൂടി പാലം പൂർത്തിയാകുന്നതോടെ നെടുമുടി-കരുവാറ്റ റോഡിന്റെ പൂർണ പ്രയോജനം ലഭിക്കും.
നെടുമുടി-കരുവാറ്റ റോഡ് കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ്.
നെടുമുടി പൂപ്പള്ളി ജങ്ഷനിൽ തുടങ്ങി നടുഭാഗം, പടഹാരം, തകഴി, കുന്നുമ്മ, മുക്കട കാരമുട്ട് വഴി കരുവാറ്റ വടക്ക് ദേശീയപാതയിൽ വഴിയമ്പലത്തിന് സമീപമെത്തുന്ന റോഡിന് ഏകദേശം പന്ത്രണ്ട് കിലോമീറ്ററോളം ദൈർഘ്യമുണ്ട്.
ഭൂരിഭാഗവും പാടശേഖരങ്ങളിലൂടെ കടന്നുപോകുന്നതാണ് റോഡ്. റോഡ് പൂർത്തിയായാൽ കർഷകർക്കും കൃഷിക്കും ഏറെ പ്രയോജനപ്പെടും.
പാടശേഖരങ്ങളിലേക്ക് വിത്തും വളവും എത്തിക്കുന്നതിനും യന്ത്രങ്ങൾ കൊണ്ടുവരുന്നതിനും എളുപ്പമാകും. കൊയ്ത്ത് കഴിഞ്ഞാൽ നെല്ലുസംഭരണവും വേഗത്തിലാക്കാം.
ഇപ്പോൾ വള്ളങ്ങളിലും മറ്റുമാണ് ലീഡിങ് ചാനലിലും കോരംകുഴിയിലും കൃഷിയന്ത്രങ്ങൾ എത്തിക്കുന്നത്. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കാർഷികമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് നെടുമുടി-കരുവാറ്റ റോഡ്.
ദേശീയപാതയ്ക്ക് സമാന്തരമായി ആലപ്പുഴ മുതൽ ഹരിപ്പാട് വരെ പുതിയ റോഡ് വരുന്നതോടെ ആലപ്പുഴ നഗരത്തിലെയും ദേശീയപാതയിലെയും ഗതാഗതക്കുരുക്കിനും പരിഹാരമാകും. അടുത്തിടെ തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ വാഹനാപകടം ഉണ്ടായപ്പോൾ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.
ദേശീയപാതയ്ക്ക് സമാന്തരമായി നെടുമുടി-കരുവാറ്റ റോഡ് യാഥാർഥ്യമായാൽ അടിയന്തരഘട്ടങ്ങളിൽ ഗതാഗതം ഇതുവഴി തിരിച്ചുവിടാനും കഴിയും. കുട്ടനാട്ടിൽനിന്ന് തെക്കൻജില്ലകളിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കുന്നതാണ് നെടുമുടി-കരുവാറ്റ റോഡ്.