ചെന്നിത്തല: അരനൂറ്റാണ്ടിലേറെ പഴക്കുമുള്ള കാരാഴ്മച്ചന്ത ഇപ്പോൾ മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറി. ഇവിടെനിന്നുള്ള ദുർഗന്ധം കാരണം നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. മത്സ്യക്കച്ചവടത്തിനായി നിർമിച്ച ഷെഡ്ഡിലാണ് പലരും മാലിന്യങ്ങൾ കൊണ്ടിടുന്നത്. രണ്ടുവർഷത്തിലേറെയായി ഇവിടെ മത്സ്യക്കച്ചവടമില്ല.

പഞ്ചായത്തിലെ ഹരിതകർമസേനയാണ് ചാക്കിൽ കെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ ഷെഡ്ഡിൽ കൊണ്ടിട്ടത്. ചന്തയിൽ തുടങ്ങുന്ന പ്ലാസ്റ്റിക് പൊടിക്കുന്ന യൂണിറ്റിനുവേണ്ടിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെയിട്ടത്. അതിനുപിന്നാലെ പലരും കോഴിയുടെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ തള്ളാൻ തുടങ്ങി. ഷെഡ്ഡിന്റെ 80 ശതമാനം സ്ഥലവും മാലിന്യങ്ങൾ നിറഞ്ഞതോടെ പ്രദേശമാകെ ദുർഗന്ധമാണ്. ഒരു സ്ത്രീ മാത്രമാണിപ്പോൾ ചന്തയ്ക്കകത്ത് മത്സ്യക്കച്ചവടം നടത്തുന്നത്. ചന്തയ്ക്കകത്തുതന്നെ ഒരു ഇറച്ചി വിൽപ്പനശാലയും പ്രവർത്തിക്കുന്നുണ്ട്.

ദുർഗന്ധം കാരണം ആരും ചന്തയിലേക്ക് എത്താറില്ലെന്നും ഒരു ലക്ഷം രൂപയോളം നൽകിയാണ് ഈ കട ലേലത്തിൽ പിടിച്ചതെന്നും ഇറച്ചിവിൽപ്പനക്കാരൻ പറഞ്ഞു. കഴിഞ്ഞദിവസം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന ഒരു ബോർഡ് പഞ്ചായത്തധികൃതർ ചന്തയിൽ സ്ഥാപിച്ചു. ഇവിടെനിന്ന്‌ മാലിന്യം നീക്കംചെയ്ത് ചന്ത വീണ്ടും പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചത് പൊടിച്ചെടുക്കുന്ന യൂണിറ്റിനുവേണ്ടി

ചെന്നിത്തല: കാരാഴ്മച്ചന്തയിൽ ഹരിതകർമസേനാ പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചത് ഇവിടെ തുടങ്ങാനിരിക്കുന്ന പ്ലാസ്റ്റിക് പൊടിച്ച് ടാറിങ്ങിനായി നൽകുന്ന യൂണിറ്റിന് വേണ്ടിയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ.നാരായണൻ പറഞ്ഞു. ഇതിനായി ചന്തയ്ക്കുള്ളിൽ കെട്ടിടവും നിർമിച്ചു. ശുഭാനന്ദാശ്രമ അധികൃതർ യന്ത്രം വാങ്ങി നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഇതറിയാതെ പലരും പുറത്തുനിന്ന്‌ മാലിന്യങ്ങൾ കൊണ്ടിടുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.