കഞ്ഞിക്കുഴി : ചൊരിമണലിൽ ലോക് ഡൗണില്ലാതെ വിയർപ്പൊഴുക്കിയ സർക്കാർ ജീവനക്കാരന് നൂറുമേനി വിളവ്. കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് 15 ചാലയിൽ എം.സതീഷാണ് കൊറോണക്കാലം കാർഷിക നേട്ടത്തിനുളള വഴിയാക്കിയത്. പി.എസ്.സി. ആലപ്പുഴ ഓഫീസിലാണ് ജോലി ചെയ്യുന്നത്.

അച്ഛൻ റിട്ട.പഞ്ചായത്ത് സെക്രട്ടറിയായ മനോഹരൻ പരമ്പരാഗത നെൽകർഷകനാണ് .ഇദ്ദേഹത്തിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് കൃഷി ചെയ്തു. ഒരേക്കർ സ്ഥലത്ത്‌ 50പപ്പായ, 50 ഏത്തവാഴ, 35ഞാലിപ്പൂവൻ വാഴ, പയർ, വെണ്ട, വഴുതന, ചീര, പച്ചമുളക്‌, ചേന, ചേമ്പ്, കാച്ചിൽ, ജാതി, കോവൽ തുടങ്ങി വിളകൾ നട്ടു. ചീരയുടെ വിളവെടുപ്പ് പൂർത്തിയായി.പപ്പായയും മറ്റ് പച്ചക്കറികളും ഇപ്പോൾ വിളവെടുക്കുന്നുണ്ട്.

കോഴിവളവും ചാണകവും എല്ലുപൊടിയും മാത്രമാണ് വളമാക്കിയത്. ജൈവ കീടനിയന്ത്രണമാർഗങ്ങൾ അവലംബിച്ചായിരുന്നു കൃഷി. അമ്മ വസുന്ധരയും ഭാര്യ രശ്മിയും കൃഷി സഹായത്തിനുണ്ട്. മക്കൾ. മീനാക്ഷി, ദേവു, ജാനു.