കഞ്ഞിക്കുഴി : കഞ്ഞിക്കുഴിയിൽ എല്ലാ വീട്ടിലും കപ്പക്കാളി വാഴക്കൃഷി നടത്താൻ ഗ്രാമപ്പഞ്ചായത്ത് വിത്ത് വിതരണം നടത്തി. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ്‌ കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് ‘വീട്ടിലൊരു കപ്പക്കാളി വാഴക്കൃഷി’ പദ്ധതി ഏറ്റെടുത്തത്.

മന്ത്രി പി.തിലോത്തമൻ വാഴവിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. ഏറെ ഔഷധ ഗുണങ്ങളുള്ള കപ്പക്കാളിവാഴ എല്ലാ വീടുകളിലും സൗജന്യമായി നൽകുന്ന പഞ്ചായത്തിന്റെ തീരുമാനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.പഞ്ചായത്തിലെ 18 വാർഡുകളിലായി വിതരണം ചെയ്യാൻ തമിഴ്‌നാട്ടിൽനിന്ന് 20,000 കപ്പക്കാളി വാഴവിത്താണ് എത്തിച്ചത്. ഒരുവീടിന് രണ്ടു വാഴവിത്ത് വീതമാണ് നൽകുന്നത്.

കൂറ്റുവേലി ആർ.ഉണ്ണിയുടെ വസതിയിൽ നടന്ന ചടങ്ങിൽ കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു, വൈസ് പ്രസിഡന്റ് പി.ലളിത, കൃഷി ഓഫീസർ ജാനിഷ് റോസ്, സെക്രട്ടറി ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.