കഞ്ഞിക്കുഴി: പൊതുസ്ഥലത്ത് കക്കൂസ്‌മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാൻ കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് രംഗത്ത്. ടാങ്കർ ലോറികൾ പിടികൂടി ഗ്രാമപ്പഞ്ചായത്ത് പോലീസിന് കൈമാറുന്നതിലുള്ള വൈരാഗ്യത്താൽ കഞ്ഞിക്കുഴിയിൽത്തന്നെ മാലിന്യം തള്ളുകയാണ് സെപ്‌റ്റിക് ടാങ്ക് ക്ലീനിങ് സംഘം. കഴിഞ്ഞ ഒരുമാസത്തിനകം നാല് ടാങ്കർ ലോറികളാണ് ഗ്രാമപ്പഞ്ചായത്തിന്റെ ഇടപെടലിനെത്തുടർന്ന് പിടിയിലായത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു, സ്ഥിരംസമിതി അധ്യക്ഷൻ പി.അക്ബർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ രാത്രികാല റോന്തുചുറ്റൽ നടത്തിയാണ് പൊതുസ്ഥലത്ത് കക്കൂസ്‌മാലിന്യം തള്ളുന്നവരെ പിടികൂടുന്നത്.
കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിലെ പൊതുശ്മശാനത്തിന് സമീപത്താണ് സ്ഥിരമായി കക്കൂസ്‌മാലിന്യം തള്ളുന്നത്. ഇവിടെനിന്നാണ് നാല് ടാങ്കർ ലോറികളും നാട്ടുകാരുടെ സഹായത്താൽ പോലീസ് പിടികൂടിയത്. എങ്കിലും ഇവിടെത്തന്നെ വീണ്ടും കക്കൂസ്‌മാലിന്യം തള്ളുകയാണ്. ഞായറാഴ്ച ഒരു ടാങ്കർ ലോറി പോലീസ് പിടികൂടി. തിങ്കളാഴ്ച പുലർച്ചേ വനസ്വർഗത്ത് കക്കൂസ്‌മാലിന്യം തള്ളി സെപ്റ്റിക് ടാങ്ക് ക്ലീനിങ് സംഘം പകവീട്ടി. സ്ഥിരംസമിതി അധ്യക്ഷൻ പി.അക്ബറിനുനേരെ വധഭീഷണിയും ഉയർത്തിയിട്ടുണ്ട്.
സഹായിക്കുന്നവർ കുടുങ്ങും
കക്കൂസ്‌മാലിന്യം തള്ളുന്നവരെ സഹായിക്കുന്നവരെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഫോൺവിളികൾ പരിശോധിച്ചാൽ മാത്രം മതി ഇത്തരക്കാരെ പിടികൂടാം. പഞ്ചായത്തീരാജ് ആക്ട് നിയമപ്രകാരം കേസ് എടുക്കാൻ പോലീസ് തയ്യാറാകണം. - എം.ജി.രാജു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, കഞ്ഞിക്കുഴി