kalamandalam gopiഹരിപ്പാട് : കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ഒന്നരവർഷത്തിനുശേഷം അരങ്ങിലെത്തുന്നു. ഏവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ശനിയാഴ്ച തുടങ്ങുന്ന കഥകളിയരങ്ങിൽ നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകനായാണ് അരങ്ങേറ്റം.

ഞായറാഴ്ച കർണനായും അഷ്ടമിരോഹിണിനാളിൽ കുചേലവൃത്തത്തിലെ കൃഷ്ണനായും കലാമണ്ഡലം ഗോപി പകർന്നാടും. ആദ്യ രണ്ടുദിവസങ്ങളിൽ രാത്രി ഏഴിനാണു കഥകളി. തിങ്കളാഴ്ച രാത്രി ഒൻപതിനും. ശതാഭിഷിക്തനായ കലാമണ്ഡലം ഗോപിക്കുള്ള ആദരംകൂടിയാണിത്.

കോവിഡ് നിയന്ത്രണങ്ങൾ നിമിത്തം കാഴ്ചക്കാരുടെ പങ്കാളിത്തം തീരെ കുറച്ചാണ് ഏവൂരിൽ ഇത്തവണ കഥകളി ആരാധന നടത്തുന്നത്. ഇതിനാൽ ആധുനികസൗകര്യങ്ങൾ ഏർപ്പെടുത്തി ലൈവ് സ്ട്രീമിങ്ങും. facebook.com/samaadaramindia, യൂ ട്യൂബ് എന്നിവയിലൂടെ ഓൺലൈനായി ലോകമെമ്പാടുമുള്ള ആസ്വാദകർക്ക് ഏവൂരിലെ കഥകളി ആചാരം തത്സമയം കാണാം.

ഏവൂരിലെ അഷ്ടമിരോഹിണി ഉത്സവത്തിന്റെ ഭാഗമായാണ് മൂന്നുദിവസം നീളുന്ന കഥകളി ആചാരം നടത്തുന്നത്. നൂറിലധികം കലാകാരന്മാർ പങ്കെടുക്കും. ശതാഭിഷിക്തനായ കലാമണ്ഡലം ഗോപി മൂന്നുദിവസവും അരങ്ങത്തു വരുന്നു എന്ന പ്രത്യേകത ഇത്തവണത്തെ കഥകളിയാരാധനയ്ക്കുണ്ട്. കോവിഡിനെത്തുടർന്ന് ഒന്നരവർഷത്തോളമായി കഥകളി നടത്തുന്നതു തീരെ കുറവാണ്.

ക്ഷേത്രത്തിൽ ശ്രീകൃഷ്ണഗീതാസമിതി എല്ലാ വർഷവും നടത്താറുള്ള ഭാഗവതസപ്താഹത്തിലെ അഷ്ടമിഭാഗമാണ് രോഹിണിനാളിലെ കഥകളിയാചാരം. അഷ്ടമിരോഹിണിക്ക് ശ്രീകൃഷ്ണാവതാരമുഹൂർത്തത്തിൽ ഇവിടെ കൃഷ്ണവേഷം ആടുന്ന കഥകളി വേണമെന്നതാണു കീഴ്‍വഴക്കം.

ഇതേ സമയത്തുതന്നെ ശ്രീകോവിലിൽ അവതാരപൂജയും അഭിഷേകവും നടക്കും. കഥകളിയാരാധന ഭക്തരുടെ വഴിപാടായാണു നടത്തുന്നത്.