കൈനകരി: നാടിന് വേണ്ടി പാലം പണിതപ്പോൾ ദേവസ്യയുടെ പുരയിടം ഒരടിക്കടുത്ത് താഴ്‌ന്നു. മുണ്ടയ്ക്കൽ പാലത്തിനായി മൂന്നര സെന്റ് സ്ഥലമാണ് കൈനകരി പഞ്ചായത്ത് 13-ാം വാർഡ് പടിഞ്ഞാറേക്കളത്തിൽ ദേവസ്യ ജോസഫ് നൽകിയത്. കൈനകരിയിലെ രണ്ടുകരകളെ പമ്പയാറിനുകുറുകെ ബന്ധിപ്പിക്കുന്ന മുണ്ടയ്ക്കൽ പാലത്തിനുവേണ്ടിയുള്ള സമീപനപാതയോട് ചേർന്നാണ് ദേവസ്യയുടെ വീട് സ്ഥിതിചെയ്യുന്നത്. വീടിന്റെ മതിലും അപ്രോച്ച് റോഡും തമ്മിൽ അരമീറ്റർ അകലം മാത്രമാണുള്ളത്.

നിലവിൽ മതിൽനിന്നിരുന്ന ഭാഗത്തെ എട്ട് സെന്റ് പുരയിടവും വീടും തമ്മിൽ ഒരടിക്കടുത്ത് താഴ്ചയുണ്ട്. ഇതോടെ വേലിയേറ്റസമയത്ത് സമീപത്തെ തോട്ടിൽനിന്ന്‌ വീടിന്റെപടി വരെ വെള്ളം കയറുന്ന സ്ഥിതിയാണ്. സ്ഥലംവിട്ടു നൽകിയപ്പോൾ സ്പാൻ ഉപയോഗിച്ച് അപ്രോച്ച് നിർമിക്കുമെന്നായിരുന്നു അധികൃതർ വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ, ഇതിനുപകരമായി കല്ലുകെട്ടി അടുക്കിയാണ് പാത നിർമിച്ചിരിക്കുന്നത്.

ഈ രീതി കുട്ടനാട്ടിന് യോജിച്ചതല്ലെന്നും അപാകമുണ്ടായതായും 72-കാരനായ ദേവസ്യ പറയുന്നു. വീടിന് കേടുപാടുകൾ സംഭവിച്ചതിന് പുറമെ അടുക്കളയുടെ ചുവരുകളിൽ വിള്ളൽ വീണതായും ദേവസ്യയുടെ ഭാര്യ ഏലിയാമ്മ പറഞ്ഞു. അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നഷ്ടപരിഹാരമൊന്നും കിട്ടിയില്ല. പ്രായമായ ദമ്പതിമാർ മാത്രമാണ് വീട്ടിലുള്ളത്.

നിർമാണം മൂലം പുരയിടത്തിന് താഴ്ചയുണ്ടായിട്ടില്ല 

മുണ്ടയ്ക്കൽ പാലം നിർമാണം മൂലം ദേവസ്യയുടെ വീടിന്റെ പുരയിടത്തിന് താഴ്ചയുണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം പറയുന്നു. ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചിരുന്നതാണ്. വീടിനുണ്ടായ കേടുപാടുകൾ പ്രളയസമയത്തുണ്ടായതാണ്.