ആലപ്പുഴ : വനിതാചെസ്സിലെ ഇതിഹാസതാരമായ ഹംഗറിയുടെ ജൂഡിത്ത് പോൾഗാറിന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ പുന്നമടക്കായലിലെ ചെസ്സ് പുരവഞ്ചിയും. ‘ഓറിയൻറ് ചെസ്സ് മൂവ്സ്’ എന്ന ചെസ്സ് പ്രേമികളുടെ കൂട്ടായ്മ, കഴിഞ്ഞ ഒൻപതിനു പുന്നമടക്കായലിൽ, ഒഴുകുന്നപുരവഞ്ചിയിൽ ‘ചെസ്സ് ഹൗസ്ബോട്ട് ഗ്ലോബൽ- 2021’ എന്ന ഏകദിന ചെസ്സ് ടൂറിസം ഉത്സവം സംഘടിപ്പിച്ചിരുന്നു.

അന്നേദിവസം ഹംഗറിയിലെ ബുഡാപെസ്റ്റിലും മറ്റ് 20 രാഷ്ടങ്ങളിലും അരങ്ങേറിയ ജൂഡിത്ത് പോൾഗാർ ഫൗണ്ടേഷന്റെ ഗ്ലോബൽ ചെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായിരുന്നു ചെസ്സ് ഹൗസ്ബോട്ട് 2021.

പുരവഞ്ചിയിലെ മത്സരവേദിയുടെയും പശ്ചാത്തലത്തിന്റെയും മനോഹാരിത ജൂഡിത്ത് പോൾഗാറിനെ ആകർഷിച്ചു. കേരളത്തിൽനടന്ന ചെസ്സ് ഹൗസ്ബോട്ട് പരിപാടിയുടെ നാലുചിത്രങ്ങൾ അവർ, തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റുചെയ്യുകയും അതിനെക്കുറിച്ച് ഏതാനുംവരികൾ കുറിക്കുകയും ചെയ്തു. ഇതിലൂടെ ഇതിഹാസതാരം കേരളത്തെയും കേരള ടൂറിസത്തെയും ലക്ഷക്കണക്കിനു ചെസ്സ് പ്രേമികളിലേക്ക് എത്തിച്ചിരിക്കുകയാണ്.

ജൂഡിത്ത് പോൾഗാർ ഒരിക്കൽപോലും വനിതകൾമാത്രം പങ്കെടുത്ത ചെസ്സ് മത്സരങ്ങളിൽ കളിച്ചിട്ടില്ല എന്നതാണു കൗതുകം. ലോകത്തെ ഏറ്റവുംമികച്ച പുരുഷ താരങ്ങൾക്കെതിരേയാണവർ മത്സരിച്ചത്. വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസണും ഗാരി കാസ്പറോവുമടക്കം 12 ലോക ചാമ്പ്യന്മാരെ ജൂഡിത്ത് പരാജയപ്പെടുത്തി. 25 വർഷം തുടർച്ചയായി ലോകത്തെ ഒന്നാംനമ്പർ വനിതാതാരമായി വിരാജിച്ച അവർ സ്ത്രീ-പുരുഷ സംയുക്തറാങ്കിങ്ങിൽ ലോക എട്ടാംനമ്പർ താരവുമായി.