ഇരമല്ലിക്കര: അല്പനേരം സ്മാർട്ട് ഫോൺ കണ്ടില്ലെങ്കിൽ പലർക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണെന്ന് ശില്പശാലയിൽ അഭിപ്രായം ഉയർന്നു. ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിൽ ‘സ്മാർട്ട് ഫോൺ ഉപയോഗരീതികൾ’ എന്ന വിഷയത്തിൽ കംപ്യൂട്ടർ സയൻസ് വിഭാഗമാണ് ശില്പശാല സംഘടിപ്പിച്ചത്.

സ്മാർട്ട് ഫോൺ കൈയിലെടുത്ത് ഇടയ്ക്കിടെ വെറുതെ നോക്കുന്നത് പലർക്കും ശീലമായി. കിടക്കയിൽനിന്ന് എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി കിടക്കുന്നതുവരെ ഒരാൾ മണിക്കൂറുകളാണ് ഫോണിനൊപ്പം ചെലവഴിക്കുന്നത്. ഇത് ഒരുതരം ലഹരിയായി മാറിയിട്ടുണ്ടെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. സ്‌ക്രീൻ ഏജ് 2020 എന്ന പേരിൽ നടത്തിയ പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സയൻസ് വിഭാഗം മേധാവി പ്രൊഫ. പി.കെ.ശോഭ അധ്യക്ഷത വഹിച്ചു. മിലിഷ്യ സ്മാർട്ട് ഫോൺ റിസർച്ച് സെന്ററിന്റെ ഡയറക്ടർ കെ.ബി.ബിനു ചർച്ച നയിച്ചു. എം.ഹരീഷ്, ഡോ. എസ്.ശ്രീദേവി, രേഷ്മ ധർമൻ തുടങ്ങിയവർ പ്രസംഗിച്ചു.