ആലപ്പുഴ: വീണ്ടും മത്സരിക്കേണ്ടിവരില്ലെന്നു നേരത്തെ അറിയാമായിരുന്നെന്ന് മന്ത്രി ജി. സുധാകരൻ. മാനദണ്ഡം നേരത്തെ തീരുമാനിച്ചതാണ്. ഇതുപ്രകാരമാണ് സ്ഥാനാർഥിലിസ്റ്റ് സംസ്ഥാനകമ്മിറ്റിയിൽ വെച്ചത്. ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം അറിയിച്ചു. പക്ഷേ, പാർട്ടി, തീരുമാനത്തിൽ ഉറച്ചുനിന്നു. പൊതുസമൂഹത്തിന് വേറെ കാഴ്ചപ്പാടുണ്ടാകാം. അതിനു നമുക്കൊന്നും ചെയ്യാൻപറ്റില്ല. ഇക്കാര്യത്തിൽ പാർട്ടിയിൽ വ്യത്യസ്താഭിപ്രായമില്ല- പാർട്ടികളിൽ പൊളിറ്റിക്കൽ ക്രിമിനലുകളുണ്ടെന്ന ആരോപണമുന്നയിച്ചത് വിവാദമായ പശ്ചാത്തലത്തിൽ ‘മാതൃഭൂമി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉറച്ചസീറ്റുകളിൽ പരീക്ഷണത്തിന്‌ മുതിർന്നത് ബുദ്ധിപരമായോ?

പരീക്ഷണമല്ല, മാനദണ്ഡം ബാധകമാക്കിയതാണ്.

മാറുന്നവർക്കു പകരംവരുന്നവരെ നേരത്തെതന്നെ തീരുമാനിക്കേണ്ടതായിരുന്നെന്നു തോന്നുന്നുണ്ടോ?

എനിക്ക് അങ്ങനെ തോന്നുന്നില്ല. പാർട്ടിതീരുമാനിച്ചു. അതിൽ വ്യക്തിപരമായ അഭിപ്രായമൊന്നുമില്ല. അങ്ങനെയൊക്കെയുള്ള അഭിപ്രായങ്ങൾ മാധ്യമങ്ങളിൽ കണ്ടതേയുള്ളൂ.

താങ്കൾ പ്രചാരണരംഗത്ത് സജീവമായില്ല എന്ന ആരോപണം വരാനുണ്ടായ സാഹചര്യമെന്താണ്?

ഒരാരോപണവും വന്നിട്ടില്ല. മാധ്യമങ്ങളിലാണു വന്നത്. പാർട്ടിക്കകത്ത് നടക്കാത്തകാര്യം നടന്നുവെന്ന് വിവരംകൊടുക്കുക. തെറ്റായവിവരം നൽകുന്നവരുണ്ട്. പൊളിറ്റിക്കൽ ക്രിമിനലിസം എന്നുഞാൻ വിശേഷിപ്പിച്ചത് അതാണ്. അങ്ങനെയൊരു പ്രചാരണം നടത്താൻപാടില്ല. അതു പാർട്ടിക്കു ദോഷമല്ലേ? ആ സോഴ്‌സുകൾ തെറ്റാണെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം.

ജില്ലയിലെ പാർട്ടിയിൽ താങ്കൾക്കെതിരേ ആരെങ്കിലുമുണ്ടോ?എന്തിന് എനിക്കെതിരേ നിൽക്കണം?

എനിക്ക് സ്വജനപക്ഷപാതമില്ല. അഴിമതിയില്ല. പാർട്ടിതീരുമാനങ്ങൾ ലംഘിക്കാറുമില്ല. എല്ലാവരോടും ഒരുപോലെയാണു പെരുമാറുന്നത്. എല്ലാവർക്കും എന്നോടു സ്നേഹമാണ്. അതുകൊണ്ടാണല്ലോ 45 വർഷത്തോളമായി ഇവിടെ വിജയകരമായി പ്രവർത്തിക്കാൻ കഴിഞ്ഞത്. പൊളിറ്റിക്കൽ ക്രിമിനലുകൾ ഏതാനും പേരെയുള്ളൂ. പക്ഷേ, സെക്കുലർപാർട്ടികളുടെ നല്ലപേര് നശിപ്പിക്കുകയാണിവർ. എല്ലാ പാർട്ടികളുമായും ബന്ധപ്പെട്ട് ഇവരുണ്ട്. ഞാനിത്തരക്കാരെ അടുപ്പിക്കില്ല. അതുകൊണ്ടാവും എനിക്കെതിരേ നീങ്ങുന്നത്. അധികാരവും പണവും സുഖസൗകര്യവുമാണ് അവർക്കുവേണ്ടത്. പിണറായി വിജയനെതിരേയും വി.എസിനെതിരേയും പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ടായിരുന്നു. മന്ത്രിയായതിനുശേഷം ജില്ലയിലെ പാർട്ടിയുടെ സംഘടനാക്കാര്യങ്ങളിൽ നിരന്തരം ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, എല്ലാതീരുമാനങ്ങളും ഏകകണ്ഠമായിരുന്നു. ഇന്നുവരെ പാർട്ടിക്കെതിരേ ഒരുവാക്കുപോലും ഞാൻ പറഞ്ഞിട്ടില്ല. പറയാത്തകാര്യങ്ങൾ പറഞ്ഞുവെന്ന് മാധ്യമങ്ങൾ എഴുതി. ഷാനിമോൾ ഉസ്മാനെ ഞാൻ ‘പൂതന’ എന്നുവിളിച്ചെന്നു പറഞ്ഞു. ഞാൻ സഹോദരിയെന്നു മാത്രമേ വിളിച്ചിട്ടുള്ളൂ. തിരഞ്ഞെടുപ്പു കമ്മിഷനും അതു ശരിവെച്ചു.

അരൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് പാർട്ടി കരുതിയത്. എന്നിട്ടും തോറ്റു. എന്താണ് സംഭവിച്ചത്?

പരാജയപ്പെട്ടതിന് കാരണങ്ങളുണ്ട്. അതു തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന സജി ചെറിയാനും സ്ഥാനാർഥിയായ മനു സി.പുളിക്കലിനും എനിക്കുമുൾപ്പെടെയുള്ളവർക്കറിയാം. യഥാർഥകാരണം ഞങ്ങൾ പുറത്തുപറഞ്ഞിട്ടില്ല. ഒരുകാരണം ഞങ്ങൾ പറഞ്ഞു. ബി.ഡി.ജെ.എസ്. അവസാനനിമിഷം യു.ഡി.എഫിനൊപ്പം ചേർന്നു. ആവോട്ട് ഞങ്ങൾക്കു കിട്ടുമായിരുന്നു. വോട്ടുമറിച്ചതിന്റെ പുറകിലെന്തായിരുന്നുവെന്ന് ഞങ്ങൾക്കറിയാം. വെള്ളാപ്പള്ളിയൊന്നും അതിൽ ഇടപെട്ടിട്ടില്ല. അദ്ദേഹം അവസാന രണ്ടാഴ്ചയൊക്കെ മനുവിന് അനുകൂലമായി സംസാരിച്ചിരുന്നു. ബി.ഡി.ജെ.എസ്. സ്വതന്ത്രസംഘടനയായതിനാൽ അവർക്ക് ഏതുനിലപാടും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

അത്തരം വോട്ടുമറിക്കലുകൾ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. അത് അന്നുകൊണ്ട് അവസാനിച്ചതാണ്. പൊളിറ്റിക്കൽ ക്രിമിനലുകൾ രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെമ്പാടുമുണ്ട്. അതൊന്നും ഏൽക്കില്ല.

ജില്ലയിൽ ഇത്തവണ എത്ര സീറ്റുകിട്ടും?

സിറ്റിങ് സീറ്റുകളെല്ലാം നിലനിർത്തും. കായംകുളത്ത് നല്ലമത്സരം നടന്നു. പക്ഷേ, പ്രതിഭ ഉറപ്പായും ജയിക്കും. എതിരാളി ഒട്ടും സീരിയസല്ലെന്ന് പ്രചാരണം കണ്ടാലറിയാം. വീടിനുകല്ലെറിഞ്ഞു, അതുവിളിച്ചു, ഇതുവിളിച്ചു എന്നൊക്കെയായിരുന്നു പരാതി. കോളേജ് തിരഞ്ഞെടുപ്പുപ്രചാരണം പോലെയായിരുന്നു. ആകെ മെലോഡ്രാമ. വീടിന് ഇടതുപക്ഷം കല്ലെറിഞ്ഞിട്ടില്ലെന്ന് ഞങ്ങൾക്കറിയാം. പ്രിയങ്കഗാന്ധിയോ രാഹുൽഗാന്ധിയോ ആലപ്പുഴയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ചെയ്തവരല്ലേ ഞങ്ങൾ. അപ്പോൾ ഞങ്ങൾ പറയുന്നതിന് ഒരു വിലകിട്ടില്ലേ? ഞങ്ങൾ പ്രോജക്ടുകൾ കൊണ്ടുവന്നു. പിണറായി പൂർണപിന്തുണ നൽകി. തോമസ് ഐസക് ആവശ്യമായ പണംതന്നു. അതുകൊണ്ട് പദ്ധതികൾ നന്നായിനടന്നു. അമ്പലപ്പുഴയിലും ആലപ്പുഴയിലും നല്ലഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ റിപ്പോർട്ട്. ഞാൻ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ദേവസ്വം ബോർഡിലേക്ക് പട്ടികജാതി/വർഗക്കാരെ എടുക്കാമോയെന്ന ചോദ്യംവന്നു. അമ്പതുവയസ്സുകഴിഞ്ഞ സ്ത്രീകളെ എടുക്കാമോ എന്നും ചോദ്യമുണ്ടായി. ഞാനെടുത്തു. രണ്ടിലും ഒരു പ്രശ്നവുമുണ്ടായില്ല. കപടവിശ്വാസമല്ല, വിശ്വാസികളെ സഹായിക്കുകയാണ് മന്ത്രിമാരുടെ ജോലി. അവർ അമ്പലത്തിൽപ്പോയി തൊഴുമോ എന്നതല്ല പ്രശ്നം. വിശ്വാസികളുടെ ക്ഷേമമാണ് ഉറപ്പാക്കേണ്ടത്.

ജില്ലയിൽ സി.പി.എമ്മിന് നായർസ്ഥാനാർഥികൾ ഇല്ലായിരുന്നെന്ന് ആരോപണമുണ്ട്?

നായരായതുകൊണ്ട് ആരെയും സ്ഥാനാർഥിയാക്കുകയില്ലല്ലോ. എല്ലാസമുദായത്തിലും ഞങ്ങളുടെ പ്രവർത്തകരുണ്ടല്ലോ. ആ മണ്ഡലത്തിന് അനുയോജ്യരായവരെ നിർത്തുകയാണു പതിവ്.

ലോകായുക്ത വിധി വന്നപ്പോൾത്തന്നെ കെ.ടി. ജലീൽ രാജിവെക്കേണ്ടതായിരുന്നില്ലേ?

പാർട്ടിയെ അറിയിച്ചിട്ടായിരിക്കുമല്ലോ രാജി. അതെപ്പറ്റി ഞാൻ പ്രത്യേകം പറയേണ്ടതില്ല.

തുടർഭരണം വരികയും ജലീൽ ജയിക്കുകയും ചെയ്താൽ വീണ്ടും മന്ത്രിയാകുമോ?

ജയിച്ചുവരട്ടെ. ആ സീറ്റും ഞങ്ങൾക്കു വേണ്ടേ? തവനൂരും പൊന്നാനിയുമൊക്കെ ഉറപ്പാണെന്നാണ് മനസ്സിലാക്കുന്നത്.

മന്ത്രി, എം.എൽ.എ. പദവിയിൽനിന്ന് ഒഴിയുകയാണല്ലോ. ഇനിയെന്താണ് പരിപാടി?

പാർട്ടിപ്രവർത്തകനായി തുടരും. ഞാനൊരു കരിയറിസ്റ്റല്ല. ഒന്നും മുൻകൂട്ടി പ്ലാൻചെയ്യാറുമില്ല. കവിതയെഴുതുന്നത് തുടരും. 350-ഓളം കവിതകളെഴുതി. 18 സമാഹാരങ്ങളായി. എന്റെ കവിതകൾ ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ടെന്ന് സന്ദേശങ്ങളിൽനിന്നും കത്തുകളിൽനിന്നും മനസ്സിലായിട്ടുണ്ട്. എല്ലാവർക്കും മനസ്സിലാകുന്നതാണ് എന്റെ കവിതകൾ. ഞാൻ സാധാരണ ഗദ്യകവിതകൾ എഴുതാറില്ല.

സമാനതകളില്ലാത്ത വികസനം സംസ്ഥാനത്തെമ്പാടും നടപ്പാക്കിയെന്ന വിശ്വാസത്തിലാണ് അദ്ദേഹം പടിയിറങ്ങുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷ എം.എൽ.എമാർക്കുപോലും പരാതിയുണ്ടാകില്ലെന്ന് സുധാകരൻ പറയുന്നു. ആ മണ്ഡലങ്ങളിൽ കഴിഞ്ഞതവണ തോറ്റ ഭരണകക്ഷി സ്ഥാനാർഥികളുണ്ട്. അവർക്കു വോട്ടുചെയ്തവരുണ്ട്. അവരെമറക്കരുത്.

നല്ലപദ്ധതികൾ നടപ്പാക്കിയാൽ അടുത്തതവണ മണ്ഡലത്തിൽ ജയിക്കാൻ കഴിയും-അദ്ദേഹം നയം വ്യക്തമാക്കുന്നു. എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റാണ് സുധാകരൻ. നീണ്ട രാഷ്ട്രീയജീവിതം പുസ്തകമാക്കുമോയെന്ന് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണു മറുപടി. 26-ന് സെക്രട്ടേറിയറ്റിൽ ഒപ്പമുണ്ടായിരുന്ന ജീവനക്കാരുടെ യാത്രയയപ്പുണ്ട്. ഓഫീസിലും ഔദ്യോഗിക വസതിയിലുമുണ്ടായിരുന്ന സ്വന്തം സാധനങ്ങളെല്ലാം വീട്ടിലെത്തിച്ചുകഴിഞ്ഞു. പുസ്തകങ്ങൾ കരിമുളയ്ക്കൽ ജി. ഭുവനേശ്വരൻ സ്മാരക ലൈബ്രറിക്കു സംഭാവന നൽകി. പാർട്ടിയിൽ സജീവമായി ഇനി അദ്ദേഹം ആലപ്പുഴയിലുണ്ടാകും, പുന്നപ്രയിലെ വീട്ടിലും.