മങ്കൊമ്പ്: ശരാശരിയേക്കാളും ഒന്നര അടിവരെ അധികം നീളമാണ് ഇത്തവണ കൊയ്ത്തിന് തയ്യാറായ നെൽച്ചെടികളിൽ കണ്ടെത്തിയത്. രണ്ടാംകൃഷിയുള്ള കുട്ടനാടൻ മേഖലകളിൽ ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു വ്യത്യാസം ചെടികളിൽ കാണാനായത്. രണ്ടാംകൃഷിയിറക്കിയശേഷം പെയ്ത മഴയിൽ പാടശേഖരങ്ങളിൽ ആഴ്ചകളോളം വെള്ളം കെട്ടിനിന്നിരുന്നു.

പിന്നീട് വെള്ളം വറ്റിച്ചശേഷവും ഇവിടങ്ങളിലെ നെൽച്ചെടികളിൽ മുട്ടേൽനിന്നാണ് വേര് വന്നത്. ഇത് ചെടിയുടെ നീളം വർധിക്കാൻ കാരണമായതായി കൃഷിവകുപ്പ് പറയുന്നു. മിക്കയിടത്തും കതിരിന്റെ ഭാരം താങ്ങാനാകാതെ നെൽച്ചെടികൾ വീണ് കിടക്കുകയാണ്.

ഇവിടങ്ങളിൽ ചെടികൾക്ക് സമീപം പിള്ളക്കതിരുകളുടെയും അഭാവമുണ്ടായി. ഇത് കതിരെത്തിയെ ചെടിയെ വീഴാതെ പിടിച്ചുനിർത്താനുള്ള കഴിവിനെ നഷ്ടപ്പെടുത്തി. നീളമുണ്ടെങ്കിലും ഇവയുടെ വിളവ് സാധാരണയിലും കുറയാനും സാധ്യതയുണ്ട്.

കൊയ്ത്തിന് ഒരാഴ്ചകൂടി ശേഷിക്കേ ഇത്തരത്തിൽ വീണ ചെടികൾക്ക് കഴിഞ്ഞദിവസങ്ങളിലെ മഴയും ഭീഷണിയായിരിക്കുകയാണ്. ഇനി കൊയ്തെടുക്കാൻ കഴിഞ്ഞാലും ഇവയുടെ വിളവ് വീണ്ടും കുറഞ്ഞേക്കും. വെള്ളക്കെട്ടിൽ ചെടി വീണ് കച്ചിപോലെ കിടക്കുന്ന പാടശേഖരങ്ങളിൽ ഒരുമണിക്കൂറിന് പകരം രണ്ടരമുതൽ മൂന്നുമണിക്കൂർ വരെ സമയം എടുത്താകും കൊയ്ത്ത് പൂർത്തിയാക്കാനാകുക.

എടത്വാ മേഖലകളിൽ 141 ദിവസംവരെ പിന്നിട്ട ശേഷമാണ് കൊയ്ത്ത് നടത്തിയത്. മഴ മാറിയെങ്കിലും കൊയ്ത്ത് പൂർണരീതിയിൽ ഇനിയും എത്തിയിട്ടില്ല.

എന്നാൽ, അപ്പർ കുട്ടനാടൻ മേഖലകളിൽ കൊയ്ത്ത് പൂർത്തിയാക്കിയ പാടശേഖരങ്ങളിൽ ഹെക്ടറിന് ശരാശരി ഏഴുടൺ വിളവ് ലഭിച്ചു. അഞ്ചിന് മുകളിൽ മികച്ച വിളവായാണ് കണക്കാകുന്നത്.

130 ദിവസത്തിനുള്ളിലാണ് രണ്ടാംകൃഷിയുടെ കൊയ്ത്ത് നടത്തേണ്ടത്. ഇനി ഏഴായിരം ഹെക്ടറിലെ കൊയ്ത്താണ് നടത്താനുള്ളത്. അതിൽ തന്നെ 75 ശതമാനവും കുട്ടനാടൻ മേഖലയിലാണ്.