ഹരിപ്പാട്: കരയാൻ പോലുമാകാതെയാണ് ആ ചെറുപ്പക്കാരൻ പിടഞ്ഞുമരിച്ചത്. ശരീരമാകെ തീ പടർന്നു. തലയിൽ ഉറപ്പിച്ചിരുന്ന ഹെൽമെറ്റ് അതേനിലയിൽ കത്തി. കൈ ഉറയും ഷൂസും ഉൾപ്പെടെ വെന്തുരുകി.

ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ് ജങ്ഷനിൽ എൻജിനീയറിങ് വിദ്യാർഥി മാവേലിക്കര ഉമ്പർനാട് നടപ്പള്ളിൽ ശിവകുമാറിന്റെ മകൻ ശങ്കർ (20) മരിച്ചത് ഇങ്ങനെയാണ്. കരളുലയ്ക്കുന്ന ദൃശ്യത്തിനുമുന്നിൽ പോലീസ് ഉദ്യോഗസ്ഥർപോലും പതറിപ്പോയി. മൊബൈൽ ഫോണുമായി ചിത്രമെടുക്കാൻ എത്തിയപലർക്കും അതിനുകഴിഞ്ഞില്ല.

ലോറിയുമായി കൂട്ടിയിടിച്ചപ്പോൾത്തന്നെ ബൈക്ക് കത്തിത്തുടങ്ങിയതായാണ് അപകടസമയത്ത് സമീപത്തെ ബാർഹോട്ടലിന് മുന്നിലുണ്ടായിരുന്നവർ പറഞ്ഞത്. ശങ്കർ ബൈക്കിനൊപ്പമാണ് വീണത്.

വീഴ്ചയിൽത്തന്നെ ബോധം നഷ്ടപ്പെട്ടെന്നാണ് കരുതുന്നത്. രക്ഷപ്പെടാനുള്ള ശ്രമമുണ്ടാകാതിരുന്നത് അതിനാലാകാമെന്നാണ് പോലീസിന്റെ നിഗമനം. ബൈക്ക് ആളിക്കത്തിയതിനൊപ്പം ശങ്കറിന്റെ ശരീരത്തും തീപടർന്നു. വസ്ത്രങ്ങൾ നിറച്ചസഞ്ചി കത്തിക്കരിഞ്ഞ് റോഡിൽ കിടക്കുന്നുണ്ടായിരുന്നു.

പിന്നിലിരുന്ന കിരൺ കൃഷ്ണൻ (21) ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ നടുവിന്റെഭാഗം തകർന്നുപോയി. കിരണിന്റെ ശരീരത്ത് പൊള്ളലേറ്റിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. വീഴ്ചയിലെ ആഘാതം ഗുരുതരമായിരുന്നു. നാട്ടുകാർ ഓടിയെത്തുമ്പോൾ കിരണിന് ജീവനുണ്ടായിരുന്നു. രക്ഷപ്പെടുത്താനായി ഉടൻ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയിൽ മരിച്ചു.