ഹരിപ്പാട് : പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്തിൽ ബേക്കറി ഉടമ ഉൾപ്പെടെ നാലുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്ത് പരിധിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. നിലവിൽ 10, 11 വാർഡുകൾ കൺടെയ്‌ൻമെന്റ് സോണിലാണ്. ഇതിനൊപ്പം 12, 13 വാർഡുകൾ കൂടി ഉൾപ്പെടുത്തും. ക്വാറന്റീൻ ലംഘനത്തിന് പൊയ്യക്കരയിലെ ബേക്കറി ഉടമയ്‌ക്കെതിരേ പോലീസ് കേസെടുത്തു.

നേരത്തെ 10-ാം വാർഡിലെ ഒരു വീട്ടിലെ ഒൻപതുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ വീട്ടിലെ മുതിർന്ന അംഗത്തിന്റെ സമ്പർക്കപ്പട്ടികയിൽ പൊയ്യക്കര ജങ്ഷനിലെ ബേക്കറി ഉടമയും ഉൾപ്പെട്ടിരുന്നു. കട തുറക്കരുതെന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നും ഇയാളോട് ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു.

എന്നാൽ, ഇത് അവഗണിച്ച് കട തുറക്കുകയും മറ്റു സ്ഥലങ്ങളിൽ പോവുകയും ചെയ്തുവന്ന ആളിനാണ് വ്യാഴാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ പോസിറ്റീവായത്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുക്കാൻ ആരോഗ്യ വകുപ്പ് പോലീസിനെ സമീപിച്ചു. തുടർന്നാണ് പോലീസ് നടപടി.

ഒൻപതുപേർക്ക് രോഗം സ്ഥിരീകരിച്ച വീട്ടിൽ നിന്നുള്ളവരുടെ നേരിട്ടുള്ള സമ്പർക്കപ്രകാരം പള്ളിപ്പാട് തെക്കുഭാഗത്തുള്ള ഒരു വീട്ടിലെ മൂന്നുപേർക്കുകൂടി രോഗം ബാധിച്ചു.

സ്ത്രീയും രണ്ടുകുട്ടികളുമാണിത്. പള്ളിപ്പാട്ട് കോവിഡ് ബാധിതരുടെ സമ്പർക്കപ്പട്ടികയിലുള്ള 74 പേരെയാണ് വ്യാഴാഴ്ച ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരിൽ നാലുപേർക്കാണ് പോസിറ്റീവായത്. നേരത്തെ രണ്ടുപ്രാവശ്യമായി 58 പേരെയും പരിശോധിച്ചിരുന്നു.