ഹരിപ്പാട് : തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തിലും ഹരിപ്പാട് നഗരസഭാപരിധിയിലും കോവിഡ്‌വ്യാപന ഭീഷണി ഒഴിവാകുന്നു.

എന്നാൽ, പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ പത്ത്, 11 വാർഡുകളിൽ ഭീഷണി നിലനിൽക്കുകയാണ്. ഇവിടെ ഒരുവീട്ടിലെ ഒൻപതുപേരടക്കം 14 പേർക്കാണ് ഇതുവരെ രോഗംസ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ റന്പുട്ടാൻ വിൽക്കാൻപോയ ഹരിപ്പാട്സ്വദേശിയായ യുവാവിന് കഴിഞ്ഞദിവസം രോഗംസ്ഥിരീകരിച്ചിരുന്നു.

ഇയാളുടെ ബന്ധുക്കളും മറ്റൊരാളും ഉൾപ്പെടെ അടുത്തസമ്പർക്കമുണ്ടായിരുന്ന മൂന്നുപേർക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

ആന്റിജൻ പരിശോധനയിലൂടെയാണിത്.

പ്രാഥമിക സമ്പർക്കത്തിലുള്ളവർക്ക് രോഗബാധയില്ലാത്ത സാഹചര്യത്തിൽ ഇയാളിലൂടെ രോഗവ്യാപനമുണ്ടാകാനുള്ളസാധ്യത കുറവായിരിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നത്.

സമ്പർക്കപ്പട്ടികയിലുള്ളവരെ അടുത്തദിവസങ്ങളിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും.

തൃക്കുന്നപ്പുഴയിലെ 13, 16 വാർഡുകൾമാത്രമാണ് ഇപ്പോൾ കൺടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്നത്. നേരത്തെ എല്ലാവാർഡുകളും കൺടെയ്ൻമെന്റിലായിരുന്നു.

പള്ളിപ്പാട്ട് രോഗബാധിതരുടെ സമ്പർക്കത്തിലുള്ളവരെയെല്ലാം കണ്ടെത്തി ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യപ്രവർത്തകർ ശ്രമിക്കുന്നത്.

ആദ്യം രോഗംസ്ഥിരീകരിച്ച ആൾ വഴിയോരത്ത് മീൻവിൽപ്പന നടത്തിയിരുന്നു. ഇതിലൂടെ സമ്പർക്കമുണ്ടായവരെയെല്ലാം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.