ഹരിപ്പാട് : ഉത്പാദകന്റെ വിവരങ്ങളും തയ്യാറാക്കിയ തീയതിയും നിയമാനുസൃത രേഖകളുമില്ലാതെ വഴിയോരത്ത് വിൽപ്പനനടത്തിയ ഏത്തയ്ക്കാ ഉപ്പേരി പാക്കറ്റുകൾ ലീഗൽമെട്രോളജി വകുപ്പ് പിടികൂടി. നങ്ങ്യാർകുളങ്ങര കോളേജ് ജങ്ഷന് വടക്ക്, ഹരിപ്പാട് മാധവാ ജങ്ഷൻ എന്നിവിടങ്ങളിൽ വിൽപ്പന നടത്തിയവർക്കെതിരേയാണ് നടപടി.

ഇതിനൊപ്പം പഴകിയ ഉപ്പേരി വിൽപ്പനയ്ക്കുവച്ചതിന് പത്തിയൂരിലെ ഒരു ബേക്കറി ഉടമയ്ക്കെതിരേയും കേസെടുത്തു. ആര്, എവിടെ ഉത്‌പാദിപ്പിക്കുന്നതെന്നറിയാത്ത ഉപ്പേരി വഴിയോരങ്ങളിൽ വിൽക്കുന്നതിനെപ്പറ്റി മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ലീഗൽ മെട്രോളജി വിഭാഗം പരിശോധയ്ക്കിറങ്ങിയത്.

അരക്കിലോഗ്രാം വീതമുള്ള പൊതിയാക്കിയാണ് വിൽപ്പന. ഉത്‌പാദകരുടെ വിവരങ്ങൾ ആവശ്യപ്പെടുന്നവർക്ക് നൽകാനായി സ്റ്റിക്കർ ഒട്ടിച്ച പൊതികളും സ്റ്റിക്കറും പ്രത്യേകം സൂക്ഷിക്കും. ഇതിൽ ഉത്‌പാദന തീയതി എഴുതിച്ചേർത്ത് നൽകും. ഏറെ പഴക്കമുള്ള പൊതികളിലും അതത് ദിവസത്തെ തീയതി രേഖപ്പെടുത്തിയായിരുന്നു കച്ചവടം. ഇതിനായി സൂക്ഷിച്ചിരുന്ന സ്റ്റിക്കറുകളും പിടിച്ചെടുത്തിട്ടുണ്ട്.

കരുനാഗപ്പള്ളിയിലെ ഒരു സ്ഥാപനത്തിലെ സ്റ്റിക്കറാണ് കച്ചവടക്കാർ കൈവശം വച്ചിരുന്നത്. ഇവർക്ക് നിയമപരമായ ലൈസൻസുകളൊന്നുമില്ല. ഉപ്പേരി ഈ സ്ഥാപനത്തിൽ തയ്യാറാക്കിയതാണോയെന്നും വ്യക്തമല്ല. കുടിൽവ്യവസായം എന്ന പേരിലാണ് ചിലർ വാഹനങ്ങളിൽ ഉപ്പേരിയുമായി വിൽപ്പനയ്ക്കെത്തുന്നത്.

എന്നാൽ, ഒരുകേന്ദ്രത്തിൽ വൻതോതിൽ തയ്യാറാക്കിയശേഷം പ്രാദേശികമായി ആളുകളെ കണ്ടെത്തി വിൽപ്പന നടത്തുന്നതായാണ് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ അന്വേഷണത്തിൽ മനസ്സിലായത്. ഉപ്പേരി സാംപിളുകൾ പിടിച്ചെടുത്തശേഷം 5,000 രൂപവീതം പിഴയടയ്ക്കാൻ കച്ചവടക്കാർക്ക് നോട്ടീസ് നൽകി. ഇവരിൽ ഒരാൾ ചൊവ്വാഴ്ചതന്നെ പിഴയടച്ചു. പത്തിയൂരിലെ ബേക്കറിയിൽ കേടായ ചക്കയുപ്പേരിയാണ് വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്നത്.

കായംകുളത്ത് കൺടെയ്‌ൻമെന്റ് സോണിലുള്ള ഒരു ബേക്കറിയിലെ സ്റ്റിക്കർ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതും പിടിച്ചെടുത്തിട്ടുണ്ട്. ലീഗൽമെട്രോളജി ഇൻസ്‌പെക്ടർ ബിനു ബാലക്, ഇൻസ്‌പെക്ടിങ് അസി. എസ്.പ്രേംകുമാർ എന്നിവർ പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ചു.