ഹരിപ്പാട് : തീരദേശത്ത് മത്സ്യബന്ധനവും വിൽപ്പനയും കളക്ടർ നിരോധിച്ചിട്ടുണ്ടെങ്കിലും ഇതരസംസ്ഥാനങ്ങളിൽനിന്ന് രഹസ്യമായി എത്തിക്കുന്ന മീൻ വൻതോതിൽ വിൽക്കുന്നു.

തമിഴ്‌നാട്ടിൽനിന്ന് മത്സ്യവുമായെത്തിയ വാനിലെ ഡ്രൈവർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശ്രമിക്കുകയാണ്. ഇതിനിടെയാണ് ഇതരസംസ്ഥാനങ്ങളിൽനിന്ന് വീണ്ടും മത്സ്യം എത്തിക്കുന്നത്.

മീൻപിടിക്കുന്നത് നിരോധിച്ചതിനാൽ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. ഒരാൾക്ക് കടലിലിറങ്ങാൻ കഴിയുന്ന തെർമോക്കോൾ വള്ളങ്ങൾപോലും ഇറക്കാതെയാണ് മത്സ്യത്തൊഴിലാളികൾ സർക്കാർനിർദേശത്തോട് സഹകരിക്കുന്നത്.

എന്നാൽ, കന്യാകുമാരിയിൽനിന്നെത്തിക്കുന്ന കിളിമീൻ കഴിഞ്ഞ ദിവസങ്ങളിൽ തീരദേശത്ത് ഉൾപ്പെടെ വ്യാപകമായി വിറ്റഴിച്ചു. ചൊവ്വാഴ്ച തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്തുകളിൽ പലയിടങ്ങളിലായി മീൻ വിൽക്കുന്നുണ്ടായിരുന്നു.

കരുവാറ്റ, കെ.വി.ജെട്ടി ജങ്ഷൻ എന്നിവിടങ്ങളിലെ മീൻമൊത്തവിതരണ കേന്ദ്രങ്ങളിലാണ് ഹരിപ്പാട്മേഖലയിൽ ആദ്യംകോവിഡ് സ്ഥിരീകരിച്ചത്. പള്ളിപ്പാട്ട് ഒരുവീട്ടിലെ ഒൻപതുപേർക്കും തൃക്കുന്നപ്പുഴയിൽ നാലുപേർക്കും കോവിഡ് ബാധിച്ചത് മീൻവിൽപ്പനയുമായി ബന്ധപ്പെട്ടാണ്.

മീനുമായെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടുകാരായ കച്ചവടക്കാരുമായി ഇടപഴകുന്നതാണ് ഇതിനുകാരണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പുനൽകുന്നുണ്ട്. എന്നാൽ, മീൻവിപണനത്തിലെ ഇടനിലക്കാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ഏതുവിധത്തിലും മീനെത്തിച്ച് വിതരണം ചെയ്യുകയാണ്.