ഹരിപ്പാട് : തൃക്കുന്നപ്പുഴയിലും പള്ളിപ്പാട്ടും കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. തൃക്കുന്നപ്പുഴയിൽ 66പേരെ പരിശോധിച്ചപ്പോൾ ഒരാൾക്ക് കോവിഡ്ബാധയുള്ളതായി കണ്ടെത്തി. പള്ളിപ്പാട്ട് 16പേരെയാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതിൽ 11പേരുടെ ഫലംലഭിച്ചു. ആർക്കും രോഗമില്ല.

തമിഴ്‌നാട്ടിൽനിന്ന് മീൻകൊണ്ടുവന്ന ലോറിയിലെ ഡ്രൈവർക്കാണ് തൃക്കുന്നപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ ഉൾപ്പെടെ പോയിട്ടുണ്ട്. പോലീസ് ഇടപെട്ടാണ് ഇദ്ദേഹത്തെ പരിശോധനയ്ക്ക് എത്തിച്ചത്.

തൃക്കുന്നപ്പുഴയിൽ ഒരുവീട്ടിലെ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള 40 പേരെയും ആരോഗ്യപ്രവർത്തകർ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 66 പേരെയാണ് തിങ്കളാഴ്ച ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയത്. തൃക്കുന്നപ്പുഴയിൽ നേരത്തെ 75 പേരെ ഇതേരീതിയിൽ പരിശോധിച്ചിരുന്നു. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവായിരുന്നു.

പള്ളിപ്പാട് പത്താംവാർഡിൽ ഒരുവീട്ടിലെ ഒൻപതുപേർ കോവിഡ്ബാധിച്ച് ചികിത്സയിലാണ്. വഴിയോരത്ത് മത്സ്യവിൽപ്പന നടത്തിവന്ന 77 വയസ്സുള്ള ആളിനും മരുമകൾക്കുമാണ് ആദ്യം രോഗംസ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ കുടുംബാംഗങ്ങളായ ഏഴുപേർക്കും. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള മറ്റുരണ്ടുപേർക്കുകൂടി രോഗംബാധിച്ചു. ഇതേത്തുടർന്ന് ഇവരുടെ അടുത്ത സമ്പർക്കപ്പട്ടികയിലുള്ള 22പേരെ ആരോഗ്യവകുപ്പ് കണ്ടെത്തി.